യമനില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന അഞ്ച് കുട്ടികള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു; തീവ്രവാദികള്‍ പീരങ്കിഷെല്‍ പ്രയോഗിച്ചെന്ന് ഹൂതികള്‍

ഏദന്‍: തെക്കുപടിഞ്ഞാറന്‍ യമനില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന അഞ്ച് കുട്ടികള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായ്സ് പ്രവിശ്യയിലെ അല്‍-ഹഷ്മ ഉപജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

തെക്കന്‍ യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരുമായി സഖ്യമുള്ള ഇസ്ലാ പാര്‍ടിയുടെ പിന്തുണയുള്ള തീവ്രവാദികളാണ് പീരങ്കിഷെല്‍ പ്രയോഗിച്ചതെന്ന് ഹൂതി നിയന്ത്രണത്തിലുള്ള അല്‍-മസിറ ടിവി റിപ്പോര്‍ട്ട്ചെയ്തു.

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 52 പേര്‍ കൊല്ലപ്പെട്ടു. മധ്യഗാസയിലെ ദെയര്‍ അല്‍-ബലഹില്‍ നാലു കുട്ടികളുള്‍പ്പെടെ 13 പേരും തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലുണ്ടായ ആക്രമണത്തില്‍ 15 പേരും കൊല്ലപ്പെട്ടു. റഫ നഗരത്തിലെ സഹായവിതരണ കേന്ദ്രത്തിനുസമീപം നടന്ന വെടിവയ്പില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ ആയുധശേഖരം, തുരങ്കം ഇവ ലക്ഷ്യമാക്കി 250 വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു.

സഹായകേന്ദ്രത്തിനരികെ സംശയാസ്പദമായി പെരുമാറിയവരെ തടയാന്‍ സൂചനാ വെടിവയ്പ് നടത്തിയതായി സമ്മതിച്ച ഇസ്രയേല്‍ സൈന്യം ആളപായം ഉണ്ടായതായി അറിവില്ലെന്നു വ്യക്തമാക്കി. 2023 ഒക്ടോബര്‍ ഏഴിനു ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്നു തട്ടിക്കൊണ്ടുപോയ 251 പേരില്‍ 50 ബന്ദികള്‍ ഹമാസിന്റെ കൈവശമുണ്ട്. ഇതില്‍ 20 പേര്‍ മാത്രമാണു ജീവനോടെയുള്ളതെന്നു കരുതപ്പെടുന്നു. ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഇതുവരെ 57,800 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News