ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ നാല് കുട്ടികൾ മുങ്ങിമരിച്ചു. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച നാല് കുട്ടികളക്കം അഞ്ച് പേരും മുങ്ങിപ്പോയി. എന്നാൽ ഇവരെ നാട്ടുകാരും പൊലീസും രക്ഷപ്പെടുത്തുകയായിരുന്നു. അഞ്ച് പേരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആഗ്രയിൽ ഖാൻദൗലി പൊലീസ് സ്റ്റേഷൻ പരിധിയിൽ യമുന എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമായിരുന്നു അപകടം. മരിച്ച കുട്ടികൾ എല്ലാവരും പത്ത് വയസിനും പന്ത്രണ്ട് വയസിനും ഇടയിൽ പ്രായമുള്ളവരാണ്. ഹിന, ഖുഷി, ചന്ദ്രാനി, റിയ എന്നിങ്ങനെയാണ് മരിച്ച കുട്ടികളുടെ പേരുകൾ. കുട്ടികൾക്ക് അപകടം സംഭവിക്കുമ്പോൾ ഒൻപത് പേരാണ് കുളത്തിലുണ്ടായിരുന്നത്. ഇവരിൽ എട്ട് പേർ കുട്ടികളും ഒരു സ്ത്രീയുമായിരുന്നു.
നാല് കുട്ടികൾ മുങ്ങിയപ്പോൾ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരെ പിന്നീട് നാട്ടുകാരാണ് രക്ഷിച്ചത്. രാവിലെ 10.30ഓടെയാണ് സംഭവം ഉണ്ടായതെന്ന് പ്രദേശത്തെ പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ സുകന്യ ശർമ പറഞ്ഞു. സമീപ ഗ്രാമങ്ങളിൽ സാധനങ്ങൾ വിൽക്കാൻ വേണ്ടി കുറച്ച് നാളുകളായി പ്രദേശത്ത് വന്ന് താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് മരിച്ചവരെന്നും പൊലീല് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം പരിശോധനകൾക്കായി അയച്ചു.