തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദം ശക്തമായ സാഹചര്യത്തില്‍ ഇഎംസിസി – കെഎസ്‌ഐഡിസി ധാരണാപത്രം റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. അയ്യായിരം കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയിരിക്കുന്നത്. ഇഎംസിസിയും-കെഎസ്‌ഐഎന്‍സിയും ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കെഎസ്ഐഎന്‍സിക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണപത്രമായിരുന്നു ഇത്.
അതേസമയം, വിവാദമുണ്ടാക്കാന്‍ ചെന്നിത്തല ആസൂത്രിത ശ്രമം നടത്തുകയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. ധാരണാപത്രം ഒപ്പുവച്ചതില്‍ ഗൂഢാലോചനയുണ്ട്. ജനുവരി അവസാനമാണ് ചെന്നിത്തലയുടെ യാത്ര തുടങ്ങിയത്. ഫെബ്രുവരി രണ്ടിന് എം ഒ യു ഒപ്പിട്ടു. അതെന്തിനായിരുന്നുവെന്നും എന്‍ പ്രശാന്ത് ഐ എ എസിന് ഇതിലെന്താണ് താല്‍പ്പര്യമെന്നും മന്ത്രി ചോദിച്ചു.