കൊച്ചി: കൊച്ചി പുതുവൈപ്പില്‍ മത്സ്യബന്ധന വള്ളം തളകീഴായി മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പുതുവൈപ്പ് സ്വദേശികളായ ദേവസി, ബാബു എന്നിവരാണ് അപകടത്തില്‍ ജീവന്‍ വെടിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ പുതുവൈപ്പില്‍ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
കടലിലെ ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. ഉടന്‍ തന്നെ കടലിലുണ്ടായിരുന്ന മറ്റു തൊഴിലാളികളുടെയും പ്രാദേശികവാസികളുടെയും നേതൃത്വത്തില്‍ ഇരുവരെയും കരയ്‌ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച ദേവസിയുടെയും ബാബുവിന്റെയും മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അപകടത്തില്‍പ്പെട്ട വള്ളത്തില്‍ ആകെ അഞ്ച് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പരിക്കേറ്റ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ നിലവില്‍ ചികിത്സയിലാണ്.


