കൊച്ചി: ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് വൈകീട്ടോടെ പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മുന്നൊരുക്കങ്ങളുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾ പ്രദേശത്ത് സജ്ജരായി നിൽക്കുകയാണ്. 2018ൽ മഹാപ്രളയമുണ്ടായപ്പോൾ ആലുവയുടെ താഴ്ന്ന മേഖലകളിൽ വെള്ളം കയറിയിരുന്നു. അതടക്കം പരിഗണിച്ചാണ് കേരളത്തിന്റെ സ്വന്തം സൈന്യം സജ്ജമായി നിൽക്കുന്നത്.
പുളിഞ്ചോട് മേഖലയിൽ പത്ത് ബോട്ടുകൾ എത്തിച്ചാണ് മുന്നൊരുക്കങ്ങൾ. എറണാകുളം ജില്ലയിലെ വിവിധ തീരദേശമേഖലകളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ രക്ഷ്പ്രവർത്തനത്തിനായി എത്തിചേർന്നിട്ടുണ്ട്.2018ൽ കേരളത്തിൽ മഹാപ്രളയമുണ്ടായപ്പോൾ രക്ഷകരായ മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത് കേരളത്തിന്റെ സ്വന്തം സൈന്യമെന്നാണ്. മൂന്ന് വർഷങ്ങൾക്കിപ്പുറം അന്നത്തേപ്പോലെ ഭയപ്പെടുത്തുന്ന സാഹചര്യമി്ല്ലെങ്കിലും മുന്നൊരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ആലുവ മേഖലയിൽ ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ഡാമുകൾ തുറന്നതിനൊപ്പം നാളെയും മറ്റന്നാളും ശക്തമായ മഴ പെയ്യാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് ജാഗ്രത. ആലുവയിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്നാണ് മത്സ്യത്തൊഴിലാളികളെത്തിയത്. കൂടുതൽ ബോട്ടുകളും മത്സ്യത്തൊഴിലാളികളും ഇവിടേക്ക് എത്തും. ഒരു അപകടാവസ്ഥയുണ്ടായാൽ ഏത് മേഖലയിലേക്ക് പോയി രക്ഷാപ്രവർത്തനം നടത്തുന്നതിനും സജ്ജരാണെന്ന് കേരളത്തിന്റെ സ്വന്തം സൈന്യം പറയുന്നു.
ചെല്ലാനം, വൈപ്പിൻ, കാളമുക്ക്, കണ്ണമാലി തുടങ്ങിയ മേഖലകളിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾ പ്രധാനമായി എത്തിയിട്ടുള്ളത്. ഇവരെ ഉപയോഗിക്കേണ്ട അവസ്ഥ നിലവിലില്ല. എന്നാൽ എന്തെങ്കിലും അത്യാഹിതമുണ്ടായാൽ പരമാവധി ആളുകളെ രക്ഷപ്പെടുത്തുക എന്നതാണ് മുന്നൊരുക്കങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.