കൊട്ടാരക്കര: മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ കിളിമീന്‍ കറിവെക്കാനായി മുറിച്ചു വൃത്തിയാക്കിയ റിട്ട. അധ്യാപികയുടെ കയ്യില്‍ കിടന്നിരുന്ന സ്വര്‍ണവളയുടെ നിറംമാറിയ ശേഷം ഒടിഞ്ഞു. മീന്‍ കഴുകുന്നതിനിടെ സ്വര്‍ണവളയ്ക്ക് അലുമിനിയത്തിന്റെ നിറമാവുകയും ഒടിയുകയുമായിരുന്നു. തെക്കുംപുറം രവിനിവാസില്‍ സുലോചനഭായി കഴിഞ്ഞ ദിവസം പുത്തൂര്‍ പടിഞ്ഞാറെ ചന്തയില്‍ നിന്നാണ് കിളിമീന്‍ വാങ്ങിയത്.
കുറച്ച് കറിവെച്ച ശേഷം ബാക്കി മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഈ മീന്‍ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ കറി വയ്ക്കാനായി സുലോചനഭായി വൃത്തിയാക്കി. മീന്‍ വൃത്തിയാക്കി കുറച്ച് കഴിഞ്ഞപ്പോഴാണ് കയ്യിലുണ്ടായിരുന്നു രണ്ട് സ്വര്‍ണ വളകളുടെ പകുതിയോളം നിറം മാറി അലുമിനിയം നിറത്തിലായത് ശ്രദ്ധിച്ചത്. ഒരു വള ഒടിയുകയും ചെയ്തു. ആദ്യ ദിവസം മീന്‍ പാകം ചെയ്ത് കഴിച്ചിരുന്നു. ഇതില്‍ അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ വളയുടെ നിറം മാറിയതോടെ ബാക്കി മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുത്തൂര്‍ ചന്തയിലെ മീനുമായി ബന്ധപ്പെട്ടു മുന്‍പും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ അധികൃതര്‍ക്കു പരാതി നല്‍കാനുള്ള നീക്കത്തിലാണു വീട്ടുകാര്‍.