ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിൽ ആദ്യ അറസ്റ്റ്

മീനങ്ങാടി (വയനാട്) : ലോൺ ആപ്പിന്റെ തട്ടിപ്പിനിരയായി വയനാട്ടിൽ യുവാവ് ആത്മഹത്യചെയ്ത സംഭവത്തിനുപിന്നിൽ പ്രവർത്തിച്ച അന്തഃസംസ്ഥാന സംഘത്തിലെ നാലുപേരെ മീനങ്ങാടി പോലീസ് ഗുജറാത്തിൽനിന്ന് അതിസാഹസികമായി പിടികൂടി. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു കേസിൽ പ്രതികൾ അറസ്റ്റിലാവുന്നത്.

യുവാവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയ ഗുജറാത്ത് അമറേലി സ്വദേശികളായ ഖേറാനി സമിർഭായ് (30), കൽവത്തർ മുഹമ്മദ് ഫരിജ് (20), അലി അജിത്ത് ഭായ് (43) എന്നിവരെയും പ്രായപൂർത്തിയാവാത്ത ഒരാളെയുമാണ് വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നിർദേശപ്രകാരം മീനങ്ങാടി ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസിന്റെ േനതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

സെപ്റ്റംബർ 15-നാണ് പൂതാടി, താഴെമുണ്ട ചിറക്കൊന്നത്ത് വീട്ടിൽ സി.എസ്. അജയരാജ് (44) ജീവനൊടുക്കിയത്. കാൻഡി കാഷ് എന്ന വായ്പാ ആപ്പ് തട്ടിപ്പുസംഘം ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയതിനെത്തുടർന്നായിരുന്നു ആത്മഹത്യ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News