കൊച്ചി: അമ്മയുടെ ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന വര്‍ഷയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഐ.ജി. വിജയ് സാഖ്റെ. ഫിറോസ് കുന്നുംപറമ്പില്‍ ഉള്‍പ്പെടെ ആരോപണം ഉയര്‍ന്നിരിക്കുന്ന എല്ലാവരുടെയും മുന്‍ പണമിടപാടുകള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു
ബാങ്ക് അക്കൗണ്ട് വഴിയാണ് എല്ലാ പണവും വന്നത്. അതുകൊണ്ട് ഹവാല ഇടപാട് സംശയിക്കുന്നില്ല. കൂടാതെ വര്‍ഷയെ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയത് സംബന്ധിച്ച് കൃത്യമായി അന്വേഷണം നടത്തുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും ഐജി പറഞ്ഞു.
കണ്ണൂര്‍ സ്വദേശിനിയായ വര്‍ഷ എന്ന യുവതിയാണ് അമ്മയുടെ കരള്‍ മാറ്റിവയ്ക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥന നടത്തിയത്. ഇതിന് സഹായിച്ച സാജന്‍ കേച്ചേരി എന്നയാള്‍ പണം തനിക്കു കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും വിധം അക്കൗണ്ട് മാറ്റണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായ പരാതി നിലവില്‍ പൊലീസിനു മുന്നിലുണ്ട്.
ഇതിനു ശേഷം ഫിറോസ് കുന്നുംപറമ്പിലും വര്‍ഷയുമായി സംസാരിച്ചിരുന്നു. സാജന്‍ കേച്ചേരിക്കു വേണ്ടിയായിരുന്നു ഫിറോസിന്റെ സംസാരം. ഇതും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.സമൂഹമാധ്യമങ്ങളിലൂടെ സാജന്‍ കേച്ചേരിയും സഹായികളും ഭീഷണിപ്പെടുത്തുകയും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതിന്റെയും വിവരങ്ങള്‍ പൊലീസ് ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍ദേശിച്ചതനുസരിച്ചാണ് വര്‍ഷയിപ്പോള്‍ ഡിസിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.
തുടര്‍ന്ന് എറണാകുളം ചേരാനല്ലൂര്‍ സ്റ്റേഷന്റെ ചുമതലയുള്ള സബ് ഇന്‍സ്പെക്ടര്‍ ലിജോ ജോസഫ് യുവതിയുടെ താമസ സ്ഥലത്തെത്തി പരാതി സ്വീകരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.