കപ്പലില്‍ തീയും പൊട്ടിത്തെറികളും തുടരുന്നു;157 കണ്ടെയ്‌നറുകളില്‍ അത്യന്തം അപകടരമായ വസ്തുക്കള്‍;പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും കടുത്ത ആഘാതം

കൊച്ചി: കണ്ണൂര്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തിന്റെ 81.49 കിലോമീറ്റര്‍ അകലെയായി അറബിക്കടലില്‍ കത്തിയമരുന്ന ചരക്കുകപ്പിലുണ്ടായിരുന്ന അത്യന്തം അപകടകരമായ വസ്തുക്കളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. എംവി വാന്‍ ഹായ് 503 എന്ന തായ്‌വാന്‍ കമ്പനിയുടെ കപ്പലില്‍ 157 കണ്ടെയ്‌നറുകളിലായി അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് പുറത്തുവിട്ട പട്ടികയിലുണ്ട്.

പൊട്ടിത്തെറിക്കാന്‍ ഇടയുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റര്‍ രാസവസ്തുക്കളും ഇന്ധനവുമാണ് ഈ കണ്ടെയ്‌നറുകളിലുള്ളത്. പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും കടുത്ത ആഘാതമേല്‍പ്പിക്കുന്നവയടക്കം ഇതിലുണ്ട്.

ട്രൈക്ലോറോബെന്‍സിന്‍, ട്രൈഈഥൈലിന്‍ ടെട്രാമൈന്‍, ഡയാസിറ്റോണ്‍ ആൽക്കഹോള്‍,ബെന്‍സോഫീനോണ്‍, നൈട്രോസെല്ലുലോസ്‌, തീപിടിക്കുന്ന റെസിന്‍, കീടനാശിനികള്‍, പെയിന്റ് തുടങ്ങിയ വസ്തുക്കള്‍ ടണ്‍ കണക്കിനാണ് കണ്ടെയ്‌നറുകളിലുള്ളത്.

ഈ വസ്തുക്കള്‍ കടലില്‍ കലരുമ്പോഴും തീരത്തോട്ട് എത്തുമ്പോഴും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കപ്പലിലെ തീയണക്കാനുള്ള ശ്രമങ്ങള്‍ സങ്കീര്‍ണ്ണമായി തന്നെ തുടരുകയാണ്. കപ്പലിന്റെ മധ്യഭാഗം മുതല്‍ ജീവനക്കാർ താമസിക്കുന്ന ബ്ലോക്കിന് മുന്നിലുള്ള കണ്ടെയ്നര്‍ ഭാഗം വരെ തീയും സ്‌ഫോടനങ്ങളും തുടരുകയാണെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. മുന്‍ഭാഗത്തെ തീപിടുത്തം ഇപ്പോള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും കടുത്ത പുക ഇപ്പോഴും നിലനില്‍ക്കുന്നു.

കപ്പല്‍ ഏകദേശം 10 മുതല്‍ 15 ഡിഗ്രി ഇടത് വശത്തേക്ക് ചരിഞ്ഞിരിക്കുന്നു. കൂടുതല്‍ കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതായി റിപ്പോര്‍ട്ടുണ്ടെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി. കോസ്റ്റ്ഗാര്‍ഡ് കപ്പലുകള്‍ തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളിലും പരിസരം തണുപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നതായും അധികൃതര്‍ അറിയിച്ചു.

ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തുനിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോയ ‘എംവി വാൻ ഹായ് 503’ ഫീഡർ കപ്പലിലാണ് തീപിടിച്ചത്. സിങ്കപ്പൂരിൽ രജിസ്റ്റർചെയ്ത തയ്‌വാൻ കമ്പനിയുടെ കപ്പലാണിത്. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News