ബംഗളൂരു: ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാരും. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്. പടക്കങ്ങളുടെ ഉപയോഗം അന്തരീക്ഷ മലിനീകരണത്തിനു കാരണമാവും. ഇത് കൊവിഡ് രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിദഗ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
‘കൊവിഡ് പലപ്പോഴും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വായുവിന്റെ ഗുണനിലവാരം ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കും. അതിനാല്‍ രോഗങ്ങളുള്ളവരെ കൂടുതല്‍ അപകടത്തിലാക്കും. ഞങ്ങള്‍ ഇത് ചര്‍ച്ച ചെയ്യുകയും ഈ ദീപാവലിയില്‍ പടക്കങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്യുന്നു.’കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അറിയിച്ചു.
ഡല്‍ഹി, രാജസ്ഥാന്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിരോധനമുണ്ട്. ഹരിയാനയില്‍ ഭാഗകമായാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പടക്കങ്ങള്‍ ഇറക്കുമതി ചെയുന്നതും കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാക്കി. ഇന്നലെ കര്‍ണാടകയില്‍ 3,100 കൊവിഡ് കേസുകളും 31 മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 8.38 ലക്ഷത്തിലധികമായി.