കൊച്ചി:തീപ്പിടുത്തം,ആളുകള്‍ വെള്ളത്തില്‍ വീഴുക തുടങ്ങി കയ്യില്‍ കുടുങ്ങിയ മോതിരം ഊരുന്നതുവരെയുള്ള വ്യത്യസ്തമായ ജോലികളാണ് സംസ്ഥാനത്തെ ഫയര്‍ഫോഴ്‌സിനെ കാത്തിരിയ്ക്കുന്നത്. എന്നാല്‍ കൊച്ചി കടവന്ത്രയില്‍ ഒരു വ്യത്യസ്തമായ ദൗത്യമാണ് ഫയര്‍ഫോഴ്‌സിന് നിര്‍വ്വഹിയ്‌ക്കേണ്ടി വന്നത്.മറ്റൊന്നുമല്ല ഉറങ്ങിപ്പോയ ആളെ വിളിച്ചുണര്‍ത്തുകയായിരുന്നു ദൗത്യം.കടവന്ത്ര ശാന്തി നഗര്‍ ഫ്‌ളാറ്റിലായിരുന്നു സംഭവം.ഫ്‌ളാറ്റിനുള്ളില്‍ ഉറങ്ങിപ്പോയ മകന്‍ ഫോണ്‍ എടുക്കാതെ വന്നതോടെയാണ് ഡോക്ടര്‍ കൂടിയായ അമ്മ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടിയത്.
.ഫ്ളാറ്റിന്റെ മുന്‍വാതില്‍ അകത്തു നിന്നും പൂട്ടി ശേഷമാണ് മകന്‍ ഉറങ്ങാന്‍ പോയത്.ഫോണില്‍ പലതവണ വിളിച്ചിട്ടും പ്രതികരണമില്ല. അടുത്ത ബന്ധുവിനെ വിളിച്ച് കതകില്‍ പലതവണ മുട്ടിയിട്ടും അനക്കമില്ല.തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്.
ഡോക്ടറുടെ ഫോണ്‍ ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ ഗാന്ധിനഗര്‍ യൂണിറ്റിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഏണിവച്ച് മൂന്നാം നിലയിലുള്ള ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ കയറി.ഇവിടുള്ള വാതില്‍ തുറന്ന നിലയിലായിരുന്നു. വാതിലിലൂടെ അകത്തെത്തിയപ്പോള്‍ സുഖമായി ഉറങ്ങുന്ന കുട്ടിയെ കണ്ടു. യൂണിഫോമിലുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും ആശങ്ക പിന്നീട് കൂട്ടച്ചിരിയിലേക്ക് നീങ്ങുകയായിരുന്നു.
ഗാഢനിദ്രയിലായതിനാല്‍ സൈലന്റ് മോഡിലായിരുന്ന ഫോണ്‍ വൈബ്രേറ്റ് ചെയ്തത് അറിയാതെ പോയതാണ് വിനയായത്. ഉള്ളിലെ മുറിയായതിനാല്‍ കതകില്‍ മുട്ടിയത് അറിഞ്ഞില്ല. ഒപ്പം കോളിംഗ് ബെല്ലും പണിമുടക്കിയതോടെ എന്തു ചെയ്യാന്‍.എന്തായാലും മിനിട്ടുകള്‍ നീണ്ട ആശങ്കയ്ക്ക് ശേഷം ഡോക്ടര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടി.