ആലപ്പുഴ: ജില്ലാ കോടതിയ്ക്ക് എതിർ വശത്ത് SDV സെൻട്രൽ സ്കൂളിന് സമീപം സ്ഥിതിചെയ്യുന്ന കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്‌ച്വറിംഗ് കമ്പനിയ്ക്ക് തീപിടിച്ചു. ഇന്ന് വൈകിട്ട് 5 മണിയ്ക്കാണ് തീ പിടിച്ചത്. കയർ വ്യവസായത്തിന് ആവശ്യമായ മെഷീനറികൾ നിർമ്മിച്ച് സൽകുന്ന സർക്കാർ പൊതുമേഖലാ സ്ഥാപനമാണിത്. ഫാക്ടറിയിലെ മെഷീനറി ഉത്പ്പാദിപ്പിക്കുന്ന പ്രധാന ഗ്യാരേജിന് അകത്തുള്ള സ്റ്റോർ റൂമിൽ നിന്നാണ് തീ ആളിപ്പടർന്നത്. ഈ സ്റ്റോർ റൂമിന് മുകളിലായി സ്റ്റോറേജ് സൗകര്യം വർദ്ധിപ്പിക്കുവാൻ ഇരുമ്പ് പൈപ്പുകൾ കൊണ്ട് മേൽത്തട്ട് നിർമ്മാണം നടക്കുന്നതിനിടയിലാണ് തീ പിടുത്തം ഉണ്ടായത്.
മുകൾത്തട്ടിൽ വെൽഡ് ചെയ്യുന്നതിനിടയിൽ സ്റ്റോർ റൂമിലേയ്ക്ക് തീപ്പൊരി തെറിച്ചതാകാം തീപിടുത്ത കാരണം എന്നാണ് അനുമാനം. സ്റ്റോർ റൂമിൽ നിന്നും തീ മുകളിലേയ്ക്ക് ആളിപ്പടർന്നപ്പോൾ തന്നെ വെൽഡിഗ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമൊഴിവായി.
ഫാക്ടറിയുടെ മറ്റ് ഭാഗങ്ങളിലേയ്ക്ക് തീ പടർന്ന് പിടിക്കും മുൻപ് വളരെ വേഗത്തിൽ ആലപ്പുഴ അഗ്നിരക്ഷാസേനയെത്തി ഫോം ടെൻഡർ ഉൾപ്പെടെയുള്ള അത്യാധുനിക വാഹനങ്ങളുടെ സഹായത്താൽ തീ നിയന്ത്രണ വിധേയമാക്കി. കയർ മെഷീനറികളുടെ നിർമ്മാണ സാമഗ്രികളായ വലിയ മോട്ടോറുകൾ, ഗിയർബോക്സുകൾ, വിവിധ തരം ബെയറിംഗുകൾ, കപ്പികൾ, ഓയിൽ, പെയിൻ്റ്, തിന്നർ മുതലായവ സൂക്ഷിച്ചിരിന്ന വലിയ സ്റ്റോർ റൂമിനാണ് തീ പടർന്നത്. ആയതിനാൽ നേരിട്ട് വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചാൽ തീ ആളിപ്പടരുമെന്നതിനാൽ അഗ്നി രക്ഷാസേന ഫോം ഉപയോഗിച്ചാണ് തീയണച്ചത്. അഗ്നി രക്ഷാ സേനയുടെ വേഗത്തിലും കാര്യക്ഷമവുമായ പ്രവർത്തനം മൂലം നഗരത്തിലെ വൻ തീപിടുത്തമായി മാറാൻ ഇടയുള്ള ഈ അപകടം തുടക്കത്തിലേ നിയന്ത്രിക്കുവാൻ സാധിച്ചു.
ആലപ്പുഴ സ്റ്റേഷൻ ഓഫീസർ D. ബൈജുവിൻ്റെ നേതൃത്വത്തിൽ ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരാണ് തീ അണച്ചത്. ഒരു മൊബൈൽ ടാങ്ക് യൂണിറ്റും, ഒരു ഫോം ടെൻഡറും പ്രവർത്തിപ്പിച്ചാണ് തീ അണച്ചത്.
തൊണ്ടിൽ നിന്നും ചകിരി നിർമ്മിക്കുന്നതും, ചകിരിയിൽ നിന്നും കയർ നിർമ്മിക്കുന്നതും, ചകിരി, ചകിരിച്ചോർ എന്നിവ പ്രസ്സ് ചെയ്യുന്നതുമായ വിവിധ ആധുനിക കയർ മെഷീനറികൾ നിർമ്മിച്ച് നൽകുന്ന ഈ ഫാക്ടറി രണ്ടേക്കറിലേറെ വരുന്ന കോമ്പൗണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. 280 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന വലിയ ഫാക്ടറിയാണിത്.