ഇസ്ലാമാബാദ്: പാകിസ്താന്‍ സ്പിന്നര്‍ യാസിര്‍ ഷായ്‌ക്കെതിരെ പൊലീസ് കേസ്. 14കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിയെ സഹായിച്ചു എന്ന കുറ്റത്തിനാണ് ഷാലിമാര്‍ പൊലീസ് യാസിര്‍ ഷായ്‌ക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. യാസിര്‍ ഷായുടെ സുഹൃത്തായ ഫര്‍ഹാന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പരാതിപ്പെട്ടത്.
ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അത് പ്രചരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പെണ്‍കുട്ടി പറഞ്ഞു. സുഹൃത്തിനൊപ്പം ചേര്‍ന്ന് യാസിര്‍ ഷായും ഭീഷണിപ്പെടുത്തി. സഹായാഭ്യര്‍ത്ഥനയുമായി യാസിറിന് വാട്‌സപ്പില്‍ മെസേജ് അയച്ചപ്പോള്‍ ചിരിക്കുന്ന സ്മൈലിയായിരുന്നു മറുപടി.
പോലീസില്‍ പരാതിപ്പെട്ടതോടെ ഇയാള്‍ നിലപാട് മാറ്റി. 18 വയസ് വരെ തനിക്ക് താമസിക്കാനുള്ള ഫ്‌ലാറ്റും മാസം ചെലവിനുള്ള തുകയും നല്‍കാമെന്ന് യാസിര്‍ വാഗ്ദാനം ചെയ്തു എന്നും പെണ്‍കുട്ടി പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു.
35കാരനായ യാസിര്‍ ഷാ പാകിസ്താനു വേണ്ടി 46 ടെസ്റ്റ് മത്സരങ്ങളിലും 25 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. യഥാക്രമം 235, 24 വിക്കറ്റുകളാണ് താരത്തിനുള്ളത്. പരുക്കേറ്റതിനെ തുടര്‍ന്ന് ബംഗ്ലാദേശ് പര്യടനത്തില്‍ യാസിര്‍ കളിച്ചിരുന്നില്ല.