കൊച്ചി: പി വി ശ്രീനിജിൻ എം എല്‍ എയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സിനിമ നിര്‍മ്മാതാവുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ വിവരങ്ങളാണ് ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ ചോദിച്ചതെന്ന് പി വി ശ്രീനിജിൻ എം എല്‍ എ പറഞ്ഞു.
നിര്‍മ്മാതാവ് ആന്‍റോ ജോസഫില്‍ നിന്നും 2015 ല്‍ അറുപതു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നുവെന്നും 2022 ല്‍ ആ പണം തിരികെ നല്‍കിയിരുന്നുവെന്നും ശ്രീനിജിൻ പറയുന്നു.
സമീപ കാലത്ത് ശ്രീനിജൻ എംഎൽഎ വിവാദങ്ങളിൽ ഉൾപ്പെട്ട സംഭവങ്ങളുണ്ടായിരുന്നു. അതിനിടെയാണ് എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയഷൻ പ്രസിഡന്‍റായി ശ്രീനിജനെ തെരഞ്ഞെടുത്തത്. എതിരില്ലാതെയാണ് എംഎൽഎ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സ്പോർട്സ് കൗണ്‍സിൽ അദ്ധ്യക്ഷ പദവിയിൽ അടുത്ത തവണ തുടരേണ്ടതില്ലെന്ന സിപിഎം തീരുമാനം നിലനിൽക്കെയാണ് ഫുട്ബോൾ അസോസിയേഷൻ അദ്ധ്യക്ഷ പദവിയിൽ ശ്രീനിജൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
കൊച്ചിയിൽ വിദ്യാർത്ഥികൾക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം തടഞ്ഞ് ശ്രീനിജൻ ഗ്രൗണ്ട് പൂട്ടിയിട്ടത് വിവാദമായിരുന്നു. ഇതിൽ വിമർശനം നേരിടുമ്പോഴാണ് ജില്ലയിലെ ഫുട്ബോൾ ക്ലബുകളുടെ പിന്തുണയോടെ ശ്രീനിജൻ വീണ്ടും അദ്ധ്യക്ഷനാകുന്നത്.
പരിശീലനത്തിന് വിദ്യാർത്ഥികൾ എത്തിയപ്പോൾ അകത്ത് കടക്കാൻ അനുവദിക്കാതെ ഗേറ്റ് പൂട്ടിയിട്ട നടപടി സംസ്ഥാന തലത്തിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. തനിക്കിതിൽ പങ്കില്ലെന്നാണ് ശ്രീനിജൻ ക്ലബുകളോട് വിശദീകരിച്ചത്. വിവാദം നിലനിൽക്കെ സിപിഎമ്മും ജില്ലാ സ്പോർട്സ് കൗണ്‍സിൽ അദ്ധ്യക്ഷ പദത്തിൽ ശ്രീനിജൻ തുടരേണ്ടതില്ലെന്ന നിലപാടിലാണ് എത്തിയത്.
എംഎൽഎ എന്ന നിലയിൽ ഇരട്ട പദവി ചൂണ്ടിക്കാട്ടിയാണ് സിപിഎം ശ്രീനിജൻ ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന് നിലപാടെടുത്തത്. എന്നാൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് എതിരില്ലാതെ പിവി ശ്രീനിജൻ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.