സാമ്പത്തിക പ്രതിസന്ധി: ലൈറ്റ്‌സ് ആന്റ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിമൂലം തിരുവനന്തപുരം മുറിഞ്ഞപാലത്ത് ലൈറ്റ്സ് ആന്റ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്തു. മായ സൗണ്ട്സ് ഉടമ നിർമ്മൽ ചന്ദ്രൻ എന്നയാളാണ് ആത്മഹത്യ ചെയ്തത്.

സാമ്പത്തിക പ്രതിസന്ധി മൂലമാണ് നിർമ്മൽ ചന്ദ്രൻ ജീവനൊടുക്കിയതെന്ന് സ്ഥാപനത്തിലെ ജീവനക്കാരും ബന്ധുക്കളും പറയുന്നു. കോവിഡ് സാഹചര്യത്തിൽ രണ്ട് വർഷമായി സ്ഥാപനം പൂട്ടിയിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉപജീവനത്തിനായി വർക്കലയിൽ കോഴിക്കട നടത്തിവരികയായിരുന്നു നിർമ്മൽ. ഇവിടെയാണ് നിർമ്മൽ ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ലൈറ്റ് ആന്റ് സൗണ്ട്സ് സ്ഥാപനത്തിലെ സാമഗ്രികൾ തുരുമ്പെടുത്ത് നശിക്കുകയാണ്. ഈ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിർമ്മൽ ചന്ദ്രന്റെ നേതൃത്വത്തിൽ നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ബന്ധുക്കളോട് സംസാരിച്ചിരുന്നതായി സഹോദരൻ വ്യക്തമാക്കി.

ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് നിർമ്മൽ ചന്ദ്രന്റെ കുടുംബം. ബിരുദ വിദ്യാർത്ഥിനിയായ മകൾ അച്ഛന്റെ വിയോഗ വാർത്ത അറിയാതെ പരീക്ഷയ്ക്കായി കോളേജിൽ പോയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News