കെ.എസ്.ഇ.ബിയില്‍ സാമ്പത്തിക പ്രതിസന്ധി; സഞ്ചിത നഷ്ടം 14,000 കോടി രൂപയെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: കെ.എസ്.ഇ.ബിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. കെ.എസ്.ഇ.ബിയുടെ സഞ്ചിത നഷ്ടം 14,000 കോടി രൂപയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ സമരം പരിഹരിക്കുന്നതിനായി ചെയര്‍മാന്‍ ബി അശോക് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കെഎസ്ഇബി ചെയര്‍മാനുമായുള്ള കൂടിക്കാഴ്ച നടന്നത്. സമരക്കാരുമായി ചര്‍ച്ച നടത്തേണ്ടത് ബോര്‍ഡാണ്. അതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിരാഹാര സമരവും തുടരുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.

കെഎസ്ഇബി ചെയര്‍മാനും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തില്‍ മന്ത്രിയോ മുന്നണിയോടെ ഇടപെടില്ലെന്നും ജീവനക്കാരും ബോര്‍ഡും തമ്മിലുള്ള ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

ബോര്‍ഡ് ചര്‍ച്ച ചെയ്ത് പരിഹാരം കാണും. മന്ത്രിതല ചര്‍ച്ചയുടെ ആവശ്യമില്ല. ബോര്‍ഡ് തലത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ മന്ത്രി ഇടപെടേണ്ടതുള്ളൂ. ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News