തിരുനെല്‍വേലി, തൂത്തുക്കുടി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി നടന്‍ വിജയ്. വെള്ളപ്പൊക്കം മൂലം ജീവിതം ദുരിതത്തിലായ 800 കുടുംബങ്ങള്‍ക്കാണ് വിജയ് ആശ്വാസമായത്.
പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തിയ വിജയ് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുകയായിരുന്നു. ആരാധകരുടെ സഹായത്തോടെയാണ് വിജയ് അര്‍ഹരായ കുടുംബങ്ങളെ തിരഞ്ഞെടുത്തത്. വീടുകള്‍ക്ക് കേടുപാടുകള്‍ വന്നവര്‍ക്ക് 10000 വീതവും വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് 50000 വീതവും നല്‍കി. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ഒരു സ്ത്രീയ്ക്ക് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭക്ഷണസാധനങ്ങള്‍ക്ക് പുറമേ മരുന്നും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. അര്‍ഹരായവര്‍ക്ക് ഇനിയും സഹായം ചെയ്യുമെന്നും ഫാന്‍സ് ക്ലബ് മുഖേന അതിന് പരിഹാരമുണ്ടാക്കുമെന്നും വിജയ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.ആരാധകര്‍ വഴി ഒട്ടേറെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന താരം കൂടിയാണ് വിജയ്. താരത്തിന്റെ പ്രവൃത്തിയെ ഒട്ടേറെ പേര്‍ പ്രശംസിച്ച് രംഗത്ത് വന്നു.
നടന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കുറേനാളുകളായി വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് വിജയ് സൂചനകള്‍ നല്‍കിയിരുന്നു.
നാളത്തെ വോട്ടര്‍മാരാണ് നിങ്ങളെന്നും പണം വാങ്ങി വോട്ട് ചെയ്യരുതെന്നും വിജയ് കുട്ടികളോട് പറഞ്ഞു.’നമ്മുടെ വിരല്‍ വെച്ച് സ്വന്തം കണ്ണുകള്‍ തന്നെ കുത്തുകയെന്ന് കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോള്‍ നടക്കുന്നത്. കാശ് വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ നമ്മളും അതാണ് ചെയ്യുന്നത്.
ഒരു വോട്ടിന് 1000 രൂപ എന്ന് വിചാരിക്കുക. ഒന്നര ലക്ഷം പേര്‍ക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കില്‍ 15 കോടി വരും. ജയിക്കാന്‍ 15 കോടി ചെലവാക്കുന്നവര്‍ അതിലുമെത്ര അവര്‍ നേരത്തെ സമ്പാദിച്ച് കാണുമെന്ന് ചിന്തിച്ചാല്‍ മതി. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കുട്ടികള്‍ക്ക് ഇതെല്ലാം പഠിപ്പിച്ച് കൊടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഓരോരുത്തരും കാശ് വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണം’ , വിജയ് പറഞ്ഞു.