തിരുവനന്തപുരം:ഇന്ധന നികുതിയിൽ കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായ കുറവ് കേരളത്തിലും വന്നിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. യുഡിഎഫ് കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയിട്ടുണ്ടെന്ന് ധനമന്ത്രി. എന്നാൽ എൽഡിഎഫ് സർക്കാർ നികുതി വർധിപ്പിച്ചിട്ടേയില്ലെന്നും പകരം ഒരു തവണ കുറയ്ക്കുകയും ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില നിർണയം കമ്പനികൾക്ക് വിട്ടുനൽകിയത് യുപിഎ സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിൽ ഓയിൽ പൂൾ അക്കൗണ്ട് എന്ന സംവിധാനം ഉണ്ടായിരുന്നു. സബ്സിഡി നൽകിക്കൊണ്ട് പെട്രോൾ വില നിശ്ചിത നിരക്കിൽ നിലനിർത്താനുള്ള സംവിധാനമായിരുന്നു ഇത്. ഈ സംവിധാനം എടുത്തുകളഞ്ഞത് മൻമോഹൻ സിങ് ആണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേന്ദ്രം അനിയന്ത്രിതമായി സ്പെഷ്യൽ എക്സൈസ് തീരുവ കൂട്ടിയതാണ് വില കൂടാനുള്ള പ്രധാന കാരണം. ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയർത്തിയെന്നും ധനമന്ത്രി പറഞ്ഞു.