ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കടുത്ത നിലപാടിന് മുന്നില്‍ ഒടുവില്‍ ട്വിറ്റര്‍ വഴങ്ങി. കര്‍ഷകസമരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ഭൂരിഭാഗം ട്വിറ്റര്‍ അക്കൗണ്ടുകളും ട്വീറ്റുകളും നീക്കം ചെയ്തു. കര്‍ഷകരെ കൂട്ടക്കൊല ചെയ്യുന്നെന്ന ഹാഷ്ടാഗിലുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ഐടി നിയമത്തിനുകീഴിലുള്ള 69എ വകുപ്പു വച്ചാണ് കേന്ദ്രം ട്വിറ്ററിന് നിര്‍ദേശം നല്‍കിയത്
അമേരിക്കയില്‍ ഒരു നിലപാടും ഇന്ത്യയില്‍ മറ്റൊരു നിലപാടും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിയമലംഘനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ട്വിറ്ററിന്റെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍നിലപാട് മയപ്പെടുത്തി ട്വിറ്റര്‍ സര്‍ക്കാരിന് വഴങ്ങിയത്.
1435 അക്കൗണ്ടുകള്‍ക്കെതിരെയാണ് കേന്ദ്രം നടപടി ആവശ്യപ്പെട്ടത്. ഇതില്‍ 1,398 എണ്ണം ട്വിറ്റര്‍ റദ്ദാക്കി. സിപിഎം നേതാവ് മുഹമ്മദ് സലിമിന്റെയും കാരവന്‍ മാസികയുടെയും അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തിട്ടില്ല. ട്വിറ്ററിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥ തലത്തില്‍ മാറ്റം ഉണ്ടാകുമെന്നും ട്വിറ്റര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.
കര്‍ഷകസമരവുമായിബന്ധപ്പെട്ടാണ് ചില ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് ട്വിറ്റര്‍ പ്രാഥമിക പരിഗണന നല്‍കുന്നതെന്നും അതിനാല്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാവില്ല എന്നുമായിരുന്നു ട്വിറ്ററിന്റെ നിലപാട്. പിന്നീട് ട്വിറ്റര്‍ പ്രതിനിധികളെ കേന്ദ്രസര്‍ക്കാര്‍ വിളിച്ചു വരുത്തുകയും വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ലമെന്റില്‍ ഐടി വകുപ്പ് മന്ത്രി തന്നെ ട്വിറ്ററിനെതിരെ പരസ്യവിമര്‍ശനം നടത്തിയത്.