NationalNews

‘ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു’മോദിക്കെതിരായ ട്രോൾ പിൻവലിച്ച് കോൺഗ്രസ്

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് കോൺഗ്രസിന്റെ കേരള ഘടകം പിൻവലിച്ചു. ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന മോദിയുടെ ചിത്രത്തെ ട്രോൾ രൂപത്തിൽ എക്സിൽ പങ്കുവച്ചതാണ് പിൻവലിച്ചത്. ട്രോൾ ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കുന്നതാണെന്ന ബിജെപി നേതാക്കളുടെ വിമർശനത്തെത്തുടർന്നാണ് നടപടി.

മാർപാപ്പയുടെയും മോദിയുടെയും ചിത്രം, ‘ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു’ എന്ന അടിക്കുറിപ്പോടെയായിരുന്നു കോൺഗ്രസ് പങ്കുവച്ചത്. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തെ പരിഹസിക്കുന്നതായിരുന്നു പോസ്റ്റ്.

പോസ്റ്റ് വന്നതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസിന്റെ എക്സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളോ അർബൻ നക്സലുകളോ ആണെന്നായിരുന്നു സുരേന്ദ്രന്റെ വിമർശനം. ദേശീയനേതാക്കളെ അപമാനിക്കുന്നത് തുടരുന്ന കോൺഗ്രസ് ഇപ്പോൾ മാർപാപ്പയേയും ക്രിസ്ത്യൻ സമൂഹത്തേയും പരിഹസിക്കാൻ തുടങ്ങിയിരിക്കുകയാണെന്നും സുരേന്ദ്രൻ എക്സിൽ പ്രതികരിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന ട്രോളാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യനും വിഷയത്തിൽ സോണിയ ഗാന്ധി മാപ്പുപറയണമെന്ന് ബിജെപി ഐടി സെൽ ചുമതല വഹിക്കുന്ന അമിത് മാളവ്യയും ആവശ്യപ്പെട്ടു.

തുടർന്നാണ് പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് വിശദീകരണം നൽകിയത്. ഒരു മതത്തേയും മതപുരോഹിതന്മാരെയും ആരാധനാമൂർത്തികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പാരമ്പര്യമല്ലെന്നും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേർത്തു പിടിച്ച് സൗഹാർദപരമായ അന്തരീക്ഷത്തിൽ ജനങ്ങളെ മുന്നോട്ടു നയിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസെന്നും വിശദീകരണത്തിൽ പറയുന്നു. 

‘‘ക്രിസ്തുമത വിശ്വാസികൾ ദൈവതുല്യനായി കാണുന്ന മാർപാപ്പയെ അവഹേളിക്കുക എന്ന വിദൂര ചിന്ത പോലും കോൺഗ്രസിന്റെ ഒരു പ്രവർത്തകനും ഉണ്ടാകില്ല. എന്നാൽ, സ്വയം ദൈവമാണെന്ന് പറഞ്ഞ് ഈ നാട്ടിലെ വിശ്വാസികളെ അപമാനിക്കുന്ന നരേന്ദ്ര മോദിയെ പരിഹസിക്കാൻ കോൺഗ്രസിന് ഒരു മടിയുമില്ല.’’– പോസ്റ്റ് പിൻവലിച്ചുള്ള വിശദീകരണത്തിൽ കോൺഗ്രസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button