തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 5.75 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ ഉള്ളത്. ആകെ വോട്ടർമാരുടെ എണ്ണം 2,70,99,326 ആണ്. 3.75 ലക്ഷം വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാനാകാത്തവർക്ക് തിരഞ്ഞെടുപ്പിന് മുമ്പുവരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാരുള്ളത് (32,79,172). കുറവ് വോട്ടർമാർ ഉള്ള ജില്ല- വയനാട് (6,21,880). ആകെ പ്രവാസി വോട്ടർമാർ – 88,223. സംസ്ഥാനത്തെ ആകെ പോളിങ് സ്റ്റേഷനുകൾ – 25,177. ആകെ ഭിന്നലിംഗ വോട്ടർമാർ – 309.
അന്തിമ വോട്ടർപട്ടിക സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ പരിശോധിക്കാം. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർപട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽനിന്ന് വോട്ടർ പട്ടിക കൈപ്പറ്റാം.
യൂത്ത് കോൺഗ്രസിന്റെ വ്യാജ ഐ.ഡി. കാർഡ് കേസിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും വ്യാജ കാർഡുമായി വന്നാൽ വോട്ട് ചെയ്യാനാകില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.