റിയാദ്: ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാത്ത പ്രവാസികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി സൗദി അറേബ്യ. വിസയുടെ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും കോവിഡ് ബാധയെ തുടർന്ന് വിമാന സർവിസില്ലാത്തതിനാൽ രാജ്യം വിടാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
വിസ ദീർഘിപ്പിക്കൽ നടപടി ആരംഭിച്ചതായി സൗദി ജവാസത്ത് അറിയിച്ചു. അപേക്ഷ നൽകാതെ തന്നെ സ്വമേധയാ കാലാവധി നീട്ടി നൽകും. ഒരുതരത്തിലുള്ള ഫീസുമില്ലാതെയാണ് വിസ കാലാവധി ദീർഘിപ്പിച്ച് നൽകുന്നതെന്നും കൊവിഡ് വന്നതിന് ശേഷം ഇതുവരെ 29,000 പേരുടെ ഫൈനല്‍ എക്‌സിറ്റ് വിസകൾ ഇപ്രകാരം പുതുക്കിയതായും ജവസാത്ത് അറിയിച്ചുവെന്നാണ് റിപ്പോർട്ട്.