25.5 C
Kottayam
Saturday, May 18, 2024

കശ്മീർ ഫയൽസ്,ദി കേരള സ്റ്റോറി പോലെയുള്ള സിനിമകൾ രാജ്യത്തെ വിഭജിക്കുന്നു: ഫാറൂഖ് അബ്ദുള്ള

Must read

ബംഗളൂരു: കശ്മീര്‍ ഫയല്‍സ്, ദ കേരള സ്റ്റോറി തുടങ്ങിയ സിനിമകള്‍ രാജ്യത്തെ വിഭജിക്കാനാണ് നിര്‍മ്മിച്ചതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള. ബുധനാഴ്ച മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയെ ബെംഗളൂരുവിലെ വസതിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ എല്ലാവരുടേതുമാണെന്നും നമ്മളെല്ലാം ഒന്നാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യയെ നശിപ്പിക്കാനാണ് ഇത്തരം സിനിമകള്‍ നിർമ്മിക്കുന്നതിലൂടെ അവർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കശ്മീര്‍ ഫയല്‍സ്, ദ കേരള സ്റ്റോറി പോലെയുള്ള സിനിമകള്‍ രാജ്യത്തിനും നമ്മുടെ ഭരണഘടനയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഗണത്തില്‍ പെടുന്ന ചിത്രങ്ങള്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കുകയേയുള്ളൂവെന്ന് പറഞ്ഞ ഫാറൂഖ്, ഇന്ത്യ നമുക്ക് ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി.

തന്റെ പഴയ സുഹൃത്തുമായുള്ള സൗഹാര്‍ദ്ദപരമായ കൂടിക്കാഴ്ചയാണിതെന്നും ഇതിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നും ദേവഗൗഡയുമായുള്ള സന്ദര്‍ശനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ മുസ്‌ലിമോ ഹിന്ദുവോ, സിഖോ ആയാലും അല്ലെങ്കില്‍ നിങ്ങള്‍ ആരായാലും. നിങ്ങള്‍ കര്‍ണാടകയിലായാലും തമിഴ്നാട്ടിലായാലും മഹാരാഷ്ട്രയിലായാലും കശ്മീരായാലും ഇന്ത്യ എല്ലാവരുടേതുമാണ്. നമ്മളെല്ലാം ഒന്നാണ്. ഇന്ത്യയെ നശിപ്പിക്കാനാണ് ഈ സിനിമകള്‍ നിര്‍മ്മിച്ചിരിക്കുന്നത്

മുന്‍ പ്രധാനമന്ത്രി ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെ ചെയ്ത കാര്യങ്ങള്‍ക്ക് നന്ദി പറയാനാണ് ഞാന്‍ ഇവിടെ വന്നത്. ഭീകരരെ ഭയന്ന് ജമ്മു കശ്മീരിലേക്ക് വരാന്‍ ആരും ധൈര്യപ്പെടാതെ വന്നപ്പോള്‍ അദ്ദേഹം എന്റെ സംസ്ഥാനത്ത് വന്ന് നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. കശ്മീരും അവിടുത്തെ ജനങ്ങളും ഈ രാജ്യത്തിന്റെ ഭാഗമാണെന്ന് തെളിയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു’, അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week