തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദം ബാധിച്ച് ചികിത്സയിലിരിക്കെ വൈകുന്നേരം അഞ്ചരയോടെ തിരുവനന്തപുരത്തുവെച്ചാണ് അന്ത്യം. സുകൃതം, ഉദ്യാനപാലകൻ, എഴുന്നള്ളത്ത് തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവാണ് ഹരികുമാർ. 1981 മുതൽ ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന ഹരികുമാർ 20 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
1981ൽ പുറത്തിറങ്ങിയ ‘ആമ്പൽപ്പൂവ്’ ഹരികുമാറിൻ്റെ ആദ്യ ചിത്രമാണ്. ജഗതി, സുകുമാരി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 1994ൽ പുറത്തിറങ്ങിയ ‘സുകൃതം ഹരികുമാറിൻ്റെ ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നാണ്. എംടി വാസുദേവൻ നായർ ആണ് സുകൃതത്തിൻ്റെ തിരക്കഥ എഴുതിയത്. മമ്മൂട്ടി, ഗൗതമി എന്നിരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന് ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
സ്നേഹപൂർവം മീര (1982), ഒരു സ്വകാര്യം (1983), അയനം (1985), പുലി വരുന്നേ പുലി (1985), ജാലകം (1987), ഊഴം (1988), എഴുന്നള്ളത്ത് (1991), ഉദ്യാനപാലകൻ (1996), സ്വയംവരപന്തൽ (2000), പുലർവെട്ടം (2001), പറഞ്ഞുതീരാത്ത വിശേഷങ്ങൾ (2007), സദ്ഗമയ (2010), ജ്വാലാമുഖി, കാറ്റും മഴയും, ക്ലിന്റ് തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ. സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ‘ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ’ ആണ് അവസാന ചിത്രം.
ദേശീയ – അന്തർദേശീയ അവാർഡും ആറ് സ്റ്റേറ്റ് അവാർഡും നേടിയ ഹരികുമാർ എട്ട് ഡോക്യുമെന്ററിയും രണ്ട് ടെലിഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. രാച്ചിയമ്മ എന്ന ടെലിഫിലിം സ്റ്റേറ്റ് അവാർഡ് നേടിയിരുന്നു. നിരവധി ഫിലിം ഫെസ്റ്റിവലുകളിലും നാഷണൽ അവാർഡ് നിർണയത്തിലും ജൂറിയായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം പാങ്ങോട് സ്വദേശിയാണ്.