ദോഹ: ലോകകപ്പിൽ മൊറോക്കോക്കെതിരായ ക്വാർട്ടർ ഫൈനൽ തോൽവിക്ക് പിന്നാലെ ഫിഫക്കെതിരെ വിമർശനവുമായി പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസ്. ഫിഫ അർജന്റീനക്ക് അനുകൂലമായി പെരുമാറിയെന്ന ആരോപണവമാണ് ബ്രൂണോ ഉയർത്തിയത്. കളിക്ക് ശേഷമുള്ള പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ബ്രൂണോയുടെ പരാമർശം. മത്സരത്തിലെ മാച്ച് റഫറി അർജന്റീനക്കാരനായത് വിമർശിച്ചാണ് ബ്രൂണോ എത്തിയത്.
കപ്പ് അർജന്റീനക്ക് നൽകാനാണോ അവരുടെ പദ്ധതിയെന്ന് എനിക്കറിയില്ല. നിലവിൽ ലോകകപ്പ് കളിക്കുന്ന ഒരു രാജ്യത്ത് നിന്നുള്ളയാളാണ് ഞങ്ങളുടെ കളി നിയന്ത്രിക്കാൻ എത്തിയത്. റഫറി പക്ഷപാതിത്വപരമായാണ് പെരുമാറിയതെന്നും ബ്രൂണോ ആരോപിച്ചു. കഴിഞ്ഞ ദിവസത്തെ പോർച്ചുഗൽ-മൊറോക്കോ മത്സരം നിയന്ത്രിച്ചത് അർജന്റീനക്കാരനായിരുന്ന റഫറിയായിരുന്നു.
വമ്പൻ അട്ടിമറികളുമായി ആഫ്രിക്കയെ കാൽപന്തു ചരിത്രത്തിൽ തുല്യതകളില്ലാത്ത നേട്ടങ്ങളിലേക്ക് വഴി നടത്തിയാണ് ലോകകപ്പിൽ മൊറോക്കോ സെമിയിലേക്ക് പ്രവേശിച്ചത്. യൂസുഫ് അൽനസീരി എന്ന അതികായൻ മുന്നിലും അതി?ലേറെ കരുത്തോടെ യാസീൻ ബോനോ ഗോൾവലക്കരികിലും നയിച്ച വീരോചിത പ്രകടത്തിന്റെ കരുത്തിലാണ് പറങ്കിപ്പടയെ മൊറോക്കോ മുക്കിയത്.
ഇതോടെ ആഫ്രിക്കയിൽനിന്ന് ആദ്യമായി സെമിയിലെത്തുന്ന ടീമായി മൊറോക്കോ. ആദ്യ പകുതിയിൽ യൂസുഫ് അൽനസീരി നേടിയ ഏകഗോളാണ് ടീമിന് ലോകകപ്പ് അവസാന നാലിലേക്ക് ടിക്കറ്റുറപ്പിച്ചത്. എന്നാൽ, അഞ്ചാം ലോകകപ്പ് കളിച്ചിട്ടും ഒറ്റ തവണയും കിരീടമില്ലാതെ ക്രിസ്റ്റ്യാനോക്ക് മടക്കവും ഈ കളിയോടെ കുറിക്കപ്പെട്ടു. കോച്ചുമായുള്ള പ്രശ്നങ്ങൾ കൊണ്ട് കളിക്കളത്തിൽ തീർത്തും ഒറ്റപ്പെട്ട പ്രകടനമായിരുന്നു ക്രിസ്റ്റ്യാനോയുടേത്. ക്രിസ്റ്റിയാനോക്ക് പന്ത് എത്തിച്ചു നൽകുന്നതിൽ അടക്കം പോർച്ചുഗൽ കളിക്കാർ വീഴ്ച്ചവരുത്തിയെന്ന് മത്സരം കണ്ടാൽ വ്യക്തമാകും.
മൈതാനത്തു നിന്നും കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് ക്രിസ്റ്റിയാനോ കളം വിട്ടത്. സഹതാരങ്ങളെ ഗൗനിക്കാതെയായിരുന്നു ക്രിസ്റ്റിയാനോയുടെ മടക്കം. അഞ്ചു തവണ ലോകകപ്പ് കളിക്കുകയും എല്ലാ തവണയും ഗോൾ നേടുകയും ചെയ്തിട്ടും കിരീടമില്ലാതെ മടങ്ങുകയെന്ന ഇരട്ടി ദുഃഖമാണ് താരത്തെ വേട്ടയാടുക. മൊറോക്കോക്കെതിരായ കളിയുടെ അവസാന നിമിഷങ്ങളിൽ ഗോളെന്നുറച്ച ഒന്നിലേറെ ഷോട്ടുകൾ ക്രിസ്റ്റ്യാനോയുടെ ബൂട്ടുകളിൽനിന്ന് പറന്നെങ്കിലും അവ എതിർഗോളി യാസീൻ ബോനോയുടെ കൈകളിൽ തട്ടി മടങ്ങുകയായിരുന്നു. അവസാന വിസിൽ മുഴങ്ങിയതിനു പിന്നാലെയാണ് ഒന്നിനും നിൽക്കാതെ കണ്ണീർ തുടച്ച് താരം തിരിച്ചുനടന്നത്.
ആദ്യ ഇലവനിൽ ഇടമില്ലാതെ ബെഞ്ചിലിരുന്ന താരം രണ്ടാം പകുതി ആറു മിനിറ്റ് പിന്നിട്ട ശേഷമായിരുന്നു മൈതാനത്തെത്തിയത്. തുടക്കത്തിൽ പന്തുകിട്ടാൻ വിഷമിച്ച താരം പിന്നീട് താളം പിടിക്കുകയും ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തെങ്കിലും നിർഭാഗ്യം വഴിമുടക്കി.