ന്യൂഡല്‍ഹി: ദേശീയ റെസ്‌ലിങ് ഫെഡറേഷനെതിരേ (ഡബ്ല്യു.എഫ്.ഐ) ലൈംഗികചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി വനിതാ ഗുസ്തി താരങ്ങള്‍. ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങും ചില പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മുപ്പതോളം ഗുസ്തി താരങ്ങള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ചു. സാക്ഷി മാലിക്, സരിത മോര്‍, സംഗീത ഫോഗട്ട്, ജിതേന്ദര്‍ കിന്‍ഹ, സുമിത് മാലിക്ക് തുടങ്ങി മുപ്പതോളം കായിക താരങ്ങള്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.
ലഖ്‌നൗവിലെ നാഷണല്‍ ക്യാമ്പില്‍ നിരവധി പരിശീലകര്‍ വര്‍ഷങ്ങളായി വനിതാ താരങ്ങളെ ചൂഷണം ചെയ്തിട്ടുണ്ടെന്നും ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ നിര്‍ദേശപ്രകാരം താരങ്ങളെ സമീപിക്കുന്ന കുറച്ച് സ്ത്രീകള്‍ ക്യാമ്പിലുണ്ടെന്നും വിനേഷ് ഫോഗട്ട് ആരോപിച്ചു. കോമണ്‍ വെല്‍ത്തിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയ്ക്കായി സ്വര്‍ണ മെഡല്‍ നേടിയ താരമാണ് വിനേഷ് ഫോഗട്ട്.
ബ്രിജ്ഭൂഷണ്‍ ലൈംഗികമായി ചൂഷണം ചെയ്തതായി 10-12 താരങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഇത്തരം ചൂഷണങ്ങള്‍ തനിക്ക് നേരിടേണ്ടിവന്നിട്ടില്ലെങ്കിലും ഫെഡറേഷനില്‍ നിന്ന് വധ ഭീഷണിയുണ്ട്. കായിക താരങ്ങളുടെ സ്വകാര്യ ജീവിതത്തില്‍വരെ ഫെഡറേഷന്‍ ഇടപെട്ടുവെന്നും പ്രതിഷേധത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിനേഷ് ഫോഗട്ട് വെളിപ്പെടുത്തി.
ഫെഡറേഷന്‍ പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് മാറ്റുന്നവരെ ഇനി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് കൂടിയായ ബജ്രഗ് പൂനിയയും മാധ്യമങ്ങളോട് പറഞ്ഞു.
ലൈംഗിക ചൂഷണമടക്കമുള്ള കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ കരിയര്‍ അവസാനിപ്പിക്കുമെന്നുവരെ ഫെഡറേഷന്‍ അധികൃതര്‍ ഭീഷണിപ്പെടുത്തി. തങ്ങളുടെ പോരാട്ടം കേന്ദ്രസര്‍ക്കാരിനോ സ്‌പോര്‍ട്ട് അതോറിറ്റിക്കോ എതിരേയല്ല, റസ്ലിങ് അസോസിയേഷനെതിരേ മാത്രമാണ്. വിഷയത്തില്‍ പരാതിയുമായി പ്രധാനമന്ത്രിയേയും സമീപിച്ചിട്ടുണ്ടെന്നും താരങ്ങള്‍ പറഞ്ഞു.
അതേസമയം, ആരോപണങ്ങള്‍ റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ്ഭൂഷന്‍ നിഷേധിച്ചു. എന്തുകൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷം ഇവരൊന്നും പ്രതികരിക്കാതിരുന്നതെന്നും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഫെഡറേഷന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.