പടയപ്പ തുമ്പിക്കൈ കൊണ്ട് അടിച്ചു; വനിതാ മേക്കപ് ആർട്ടിസ്റ്റിന്റെ ഇടുപ്പെല്ല് ഒടിഞ്ഞു

മറയൂർ: ഇടുക്കിയിലെ സ്കൂൾ വാർഷികത്തിന്റെ കലാപരിപാടികൾക്കു മേക്കപ്പ് ചെയ്യാനെത്തിയ തൃശൂർ സ്വദേശിനിയെ മൂന്നാർ – മറയൂർ റോഡിലെ വാഗുവരെയിൽ കാട്ടുകൊമ്പൻ പടയപ്പ ആക്രമിച്ചു.

പരുക്കേറ്റ ആമ്പല്ലൂർ വെളിയത്ത് ദിൽജ ബിജുവിനെ (39) തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിൽജയ്ക്കൊപ്പമുണ്ടായിരുന്ന മകൻ ബിനിൽ (19) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ദിൽജയുടെ ഇടുപ്പിന്റെ എല്ല് ഒടിഞ്ഞെന്നും നട്ടെല്ലിന്റെ രണ്ട് എല്ലുകൾക്കു പൊട്ടൽ സംഭവിച്ചെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ബുധനാഴ്ച രാത്രി 11.30ന് ആണു തൃശൂരിൽ നിന്നു ബൈക്കിലെത്തിയ ബിനിലും ദിൽജയും പടയപ്പയുടെ മുന്നിൽപെട്ടത്. മറയൂരിലെ മൈക്കിൾഗിരി എൽപി സ്കൂളിന്റെ വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു ദിൽജയുടെ യാത്ര. ആനയെ കണ്ട വെപ്രാളത്തിൽ ദിൽജ റോഡിൽ വീണു.

ഇതിനിടെ പടയപ്പ ഇവർക്കു നേരെ പാഞ്ഞടുക്കുകയും കൊമ്പുകൊണ്ട് ആക്രമിക്കുകയും ചെയ്തു. തോളിൽ കിടന്നിരുന്ന ബാഗ് കൊമ്പിൽ കുത്തി ഉയർത്തി. തുടർന്നു തുമ്പിക്കൈ കൊണ്ട് അടിച്ചെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

പ്രദേശത്തുണ്ടായിരുന്നവർ ബഹളം വച്ചതിനെത്തുടർന്നാണു പടയപ്പ തേയിലത്തോട്ടത്തിലേക്കു കയറിപ്പോയത്. ദിൽജയെ ആദ്യം മറയൂരിലെ സ്വകാര്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീടു കോതമംഗലത്തേക്കും അവിടെനിന്നു തൃശൂരിലേക്കും കൊണ്ടുപോയി. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News