KeralaNews

പരിശീലനത്തിനിടെ അപമാനിച്ചെന്ന് വനിതാ കായികതാരം; സ്റ്റേഡിയത്തിൽ കുത്തിയിരുന്ന് പ്രതിഷേധം

പാലാ : നഗരസഭാ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നതിനിടെ അപമാനിച്ചയാൾക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഏഷ്യൻ ഗെയിംസ് താരം നീനയുടെ പ്രതിഷേധം. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലെ ലോങ്ജമ്പ് വെള്ളിമെഡൽ ജേത്രിയാണ് നീന.

തിങ്കളാഴ്ച വൈകീട്ട് ആറരയ്ക്ക് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും പരാതി നൽകിയാൽ വേണ്ടതുചെയ്യാമെന്ന് പറഞ്ഞ് മടങ്ങിയെന്നും നീന പരാതിപ്പെട്ടു. ഇതിൽ പ്രതിഷേധിച്ചാണ് നീനയും ഭർത്താവ് പിഴക് അമ്പലത്തിങ്കൽ പിന്റോ മാത്യുവും സ്റ്റേഡിയത്തിനുള്ളിൽ പ്രതിഷേധിച്ചത്.

സംഭവമറിഞ്ഞ് നഗരസഭാ ചെയർമാനും അധികൃതരും കായികതാരങ്ങളും സ്റ്റേഡിയത്തിലെത്തി. പാലാ സി.ഐ. കെ.പി.തോംസൺ സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തുകയും പ്രതികൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഉറപ്പും നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

സിന്തറ്റിക് ട്രാക്കിലെ ആറ്, ഏഴ്, എട്ട് ട്രാക്കുകളാണ് നടപ്പുകാർക്കായി നഗരസഭ അനുവദിച്ചിരിക്കുന്നത്. മറ്റ് ട്രാക്കുകൾ പരിശീലന താരങ്ങൾക്കായി അനുവദിച്ചിരിക്കുന്നതാണ്. കായികതാരങ്ങളുടെ ട്രാക്കിലൂടെ നടന്ന രണ്ടുപേരോട് മാറി നടക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ അശ്ലീലവാക്കുകളും അസഭ്യവും പറഞ്ഞതെന്ന് നീനയും പിന്റോയും പറഞ്ഞു. നീന കോഴിക്കോട് സ്വദേശിനിയാണ്. ഇവർ പാലായിലെ സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തുന്നത്. പിന്റോ മാത്യു ഹർഡിൽസിൽ ദേശീയ താരമാണ്. ഇരുവരും കോട്ടയത്ത്‌ റെയിൽവേയിൽ ടി.ടി.ഇ.മാരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button