അതിജീവിതയ്‌ക്കൊപ്പമാണ്, താന്‍ മാത്രമല്ല ഒരുപാട് പേര്‍ അവള്‍ക്കൊപ്പമുണ്ട്, തുറന്നുപറഞ്ഞ് പൃഥ്വിരാജ്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ കത്തി നില്‍ക്കുന്നതിടെ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് നടന്‍ പൃഥ്വിരാജ്. താന്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് പൃഥ്വിരാജ് ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതിനിടെ കടുവ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിലും അദ്ദേഹം മറുപടി നല്‍കി.
കടുവയില്‍ ഭിന്നശേഷിക്കാരെ അപമാനിക്കുന്ന തരത്തില്‍ സംഭാഷണങ്ങള്‍ ഉണ്ടെന്നായിരുന്നു വിവാദം. പൃഥ്വിരാജിന്റെ കഥാപാത്രം വിവേക് ഒബ്‌റോയിയോട് നിങ്ങള്‍ ചെയ്യുന്നതിന്റെ ഫലം ഭാവി തലമുറയായിരിക്കും അനുഭവിക്കുക എന്ന പരാമര്‍ശം നടത്തിയിരുന്നു. അതാണ് വിവാദത്തിന് കാരണമായത്.
നടന്‍ ദിലീപ് ആരോപണ വിധേയനായ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത തന്റെ സുഹൃത്താണെന്ന് പൃഥ്വിരാജ്. ആ വിഷയത്തില്‍ എന്താണ് സംഭവിച്ചത് എന്നതില്‍ ഫസ്റ്റ് പേഴ്‌സണ്‍ ഇന്‍ഫര്‍മേഷന്‍ ഉണ്ട്. അതുകൊണ്ട് ഉറപ്പായും എനിക്ക് പറയാന്‍ സാധിക്കും അവള്‍ക്കൊപ്പമാണ് താനെന്ന്. ഈ വിഷയത്തില്‍ താന്‍ മാത്രമല്ല ഒരുപാട് പേര്‍ അവള്‍ക്കൊപ്പമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. കടുവ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന നിലപാട് പൃഥ്വിരാജ് ആവര്‍ത്തിച്ചത്.
നടിയില്‍ നിന്ന് എന്താണ് നടന്നതെന്ന് താന്‍ നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നതാണ്. അവള്‍ അടുത്ത സുഹൃത്താണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയില്‍ നിന്ന് തന്നെ വിവരങ്ങള്‍ അറിയാമായിരുന്നു. എന്നാല്‍ തനിക്ക് വിജയ് ബാബുവിന്റെ വിഷയത്തില്‍ ധാരണയില്ലെന്നും പൃഥ്വിരാജ് വിശദീകരിച്ചു. വിജയ് ബാബു പങ്കെടുത്ത അമ്മയുടെ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്നും പൃഥ്വി പറഞ്ഞു. അതിജീവിതയ്‌ക്കൊപ്പം ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് നേരിട്ട സംഭവത്തെ കുറിച്ച് കൃത്യമായി അറിയാം. അവരോട് തന്നെ ചോദിച്ച് മനസ്സിലായതാണ്. ഈ പോരാട്ടത്തില്‍ അവര്‍ക്കൊപ്പം ഉറച്ച് നില്‍ക്കുന്നുവെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവുമെന്നും പൃഥ്വിരാജ് പറഞ്ഞു.
വിജയ് ബാബു പുതുമുഖ നടിയെ പീഡിപ്പിച്ച സംഭവത്തെ കുറിച്ച് എനിക്ക് വ്യക്തതയില്ല. അതേകുറിച്ച് നിങ്ങളെല്ലാവരും എഴുതിയിട്ടുള്ള, നിങ്ങളെല്ലാവരും കാണിച്ചിട്ടുള്ള, നിങ്ങളെല്ലാവരും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വിവരങ്ങള്‍ മാത്രമേ എനിക്കും അറിയൂ. അതുവെച്ച് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഞാന്‍ തയ്യാറെടുത്തിട്ടില്ല. ആ യോഗത്തില്‍ അമ്മയുടെ യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല. വിജയ് ബാബു അവിടെ പോകാന്‍ പാടുണ്ടോ എന്നൊന്നും അഭിപ്രായം പറയേണ്ടത് ഞാനല്ല. സംഘടനയുടെ പ്രവര്‍ത്തന രീതികളെ കുറിച്ചോ അല്ലാതെയോ എനിക്ക് അറിവില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. അതുകൊണ്ട് ആ സംഭവത്തിന്റെ ശരിതെറ്റുകളെ കുറിച്ച് തനിക്ക് പറയാനാവില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
ഇടവേള ബാബു താരസംഘടനയെ ക്ലബ്ബായി ഉപമിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അമ്മയുടെ രജിസ്‌ട്രേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റായിട്ടാണെന്നാണ് തന്റെ അറിവെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. അതുമാറ്റുമ്പോള്‍ അക്കാര്യത്തില്‍ മറുപടി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ പ്രവര്‍ത്തന രീതികളെ കുറിച്ച് എനിക്ക് അറിവില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം സിനിമയിലെ തുല്യ വേതനത്തെ കുറിച്ചും പൃഥ്വിരാജ് നിലപാട് വ്യക്തമാക്കി. സ്ത്രീകള്‍ക്ക് തുല്യവേതനത്തിലുള്ള അര്‍ഹതയുണ്ട്. എന്നാല്‍ അതില്‍ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഞാന്‍ രാവണ്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
എനിക്ക് ഐശ്വര്യ റായിയേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് ലഭിച്ചത്. താരമൂല്യമാണ് പ്രതിഫലം സമ്മാനിക്കുന്നത് ഒരു നടന്‍ അല്ലെങ്കില്‍ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് അവിടെ പരിഗണിക്കുന്നത്. നടീ നടന്മാരും അങ്ങനെയാണ് ചോദിക്കുന്നത്. മഞ്ജു വാര്യറാണ് മലയാളത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ചാണ് അഭിനയിക്കുന്നതെങ്കില്‍ മഞ്ജുവിനായിരിക്കും പ്രതിഫലം കൂടുതല്‍ നല്‍കുകയെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം ഒരു നടന്റെ പ്രതിഫലം കൂടുതലാണെന്ന് തോന്നിയാല്‍ അയാളെ വെച്ച് സിനിമ ചെയ്യേണ്ടെന്ന് നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാം. നിര്‍മാണത്തില്‍ താരങ്ങളെ പങ്കാളികളാക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.