‘ജാനകി’യുടെ പ്രദര്‍ശന വിലക്ക്: സിനിമ സംഘടനകള്‍ സമരത്തിലേക്ക്; സെന്‍സര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ തിങ്കളാഴ്ച ഫെഫ്കയുടെ പ്രതിഷേധം; അമ്മയും പങ്കെടുക്കും

ജെ എസ്‌ കെയുടെ പ്രദര്‍ശന വിലക്ക്: സിനിമ സംഘടനകള്‍ സമരത്തിലേക്ക്; ഫെഫ്ക. സെന്‍സര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ തിങ്കളാഴ്ച പ്രതിഷേധം; അമ്മയും പങ്കെടുക്കും

കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന്റെ പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞ സംഭവത്തില്‍ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക. സെന്‍സര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ തിങ്കളാഴ്ച സമരം നടത്തുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമരം ഒരു ദിവസം നീണ്ടു നില്‍ക്കുന്നതായിരിക്കും. സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ‘ഫെഫ്ക’യും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും സമരത്തില്‍ പങ്കെടുക്കും.

സുരേഷ് ഗോപി ചിത്രമായ ജെഎസ്‌കെയിലെ ജാനകി എന്ന പേര് മാറ്റണമെന്ന് കാണിച്ചാണ് ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. സിനിമയുടെ ട്രെയിലറും ടീസറും കേരളത്തിലെ തിയറ്ററുകളില്‍ കഴിഞ്ഞ ഒരു മാസക്കാലമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതിനകത്ത് എന്തെങ്കിലും സാമുദായിക പൊരുത്തക്കേടുള്ളതായോ ക്രമസമാധാന പ്രശ്‌നമുള്ളതായോ വിവരം ലഭിച്ചിട്ടില്ല. ടീസറിനും ട്രെയിലറിനും ഒരു മാനദണ്ഡം, സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം അതാണോ ബോര്‍ഡിന്റെ നിലപാട്.

തിരുവനന്തപുരത്ത് പ്രാദേശിക കമ്മിറ്റി സിനിമ കണ്ടതിന് ശേഷം പ്രദര്‍ശനത്തിന് യോഗ്യമാണ് എന്ന കുറിപ്പോടെയാണ് മുംബൈയിലേക്ക് അയച്ചത്. സിനിമ കാണാതെ ചിത്രത്തിന്റെ സംഗ്രഹം വായിച്ചതിന് ശേഷം സിബിഎഫ്‌സി ചെയര്‍മാന്‍ അദ്ദേഹത്തിന്റെ വിവേചന അധികാരം ഉപയോഗിച്ച് റിവൈസിങ് കമ്മിറ്റിക്ക് വിട്ടു. ഇത് ഏകപക്ഷീയമാണോ എന്ന് പരിശോധിക്കേണ്ടതാണ്.

സിനിമ സംഘടനകളുടെ സമരം ജെഎസ്‌കെ എന്ന ഒറ്റ സിനിമയ്ക്ക് വേണ്ടിയുള്ള പോരാട്ടമോ, പ്രതിഷേധമോ അല്ല. സിനിമ ഒരു കാലാവധിയുള്ള പ്രൊഡക്ട് ആണ്. അതിന്റെ സമയം കഴിഞ്ഞ് പുറത്തിറക്കിയിട്ട് കാര്യമില്ല.

സിനിമയുടെ നിര്‍മാതാക്കള്‍ വലിയ ആശങ്കയിലാണ്. സമ്മര്‍ദത്തിന് വഴങ്ങി അവര്‍ ചിത്രത്തിന്റെ പേര് മാറ്റിയാല്‍ പോലും അത്ഭുതപ്പെടില്ല. കോടതി വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് വിശ്വസിക്കുന്നതായും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News