പനാജി: ഗോവയിൽ ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് അഞ്ച് കോൺഗ്രസ് എം.എൽ.എമാരെ ചെന്നൈയിലേക്ക് മാറ്റി. കോൺഗ്രസ് എം.എൽ.എമാരായ സങ്കൽപ് അമോങ്കാർ, ആൽതോൺ ഡികോസ്റ്റ, കാർലോസ് അൽവാരെസ്, റുഡോൾഫ് ഫെർണാണ്ടസ്, യൂരി അലെമോ എന്നിവരെ ചെന്നൈയിലേക്ക് മാറ്റിയതായാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഗോവ നിയമസഭാംഗമായ സങ്കൽപ് അമോങ്കാർ സി.എൽ.പി (Congress Legislature Party) ഡെപ്യൂട്ടി ലീഡർ കൂടിയാണ്.
മുൻ ഗോവ മുഖ്യമന്ത്രി ദിഗംബർ കാമത്തും മൈക്കിൾ ലോബോയും ചേർന്ന് പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന ആരോപണവുമായി ഗോവയിലെ കോൺഗ്രസ് ചുമതലയുള്ള ദിനേശ് ഗുണ്ടു റാവു രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ ചേരാൻ വേണ്ടി എംഎൽഎമാർക്ക് ബിജെപി 25 കോടി രൂപ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെ ഏഴ് പേര്‍ വിട്ടുനിന്നിരുന്നു. ഇവര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. തുടർന്ന് മൈക്കിൾ ലോബോയെ കോൺഗ്രസ് നിയമസഭാ പ്രതിപക്ഷ പാർട്ടി നേതൃത്വത്തിൽ നിന്ന് നീക്കിയിരുന്നു. ദിഗംബർ കാമത്തിനേയും മൈക്കിൾ ലോബോയേയും അയോഗ്യരാക്കണമെന്ന് കാട്ടി കത്ത് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎമാരെ ചെന്നൈയിലേക്ക് മാറ്റിയത്.