കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിയുമായി പിതാവ്; നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത് അഞ്ചര മണിക്കൂര്‍

മലപ്പുറം: ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച് കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പിതാവിന്റെ പരാക്രമം. വീടിനു മുകളില്‍ കയറി നിന്ന് അഞ്ചര മണിക്കൂര്‍ ഭീഷണി മുഴക്കിയ ഇയാളെ പിന്നീട് പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. കോട്ടയ്ക്കല്‍ ചങ്കുവെട്ടിയില്‍ നടന്ന സംഭവത്തില്‍, രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ഇയാള്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത്.

രാവിലെ ഏഴിനാണ് ചങ്കുവെട്ടിക്കുണ്ട് സ്വദേശിയായ 31കാരന്‍ കുഞ്ഞുമായി വീടിനു മുകളില്‍ കയറിയത്. തുടര്‍ന്ന്, കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീട്, സ്ഥലത്തെത്തിയ അഗ്‌നിശമന സേന ഏറെ നേരം ശ്രമിച്ചെങ്കിലും ഇയാളെ അനുനയിപ്പിക്കാന്‍ സാധിച്ചില്ല.

ശേഷം ഭാര്യാപിതാവ് വീടിനു മുകളിലേക്ക് കയറിച്ചെന്ന് അനുരഞ്ജനം നടത്തിയതിനൊടുവില്‍ കുട്ടിയെ കൈമാറുകയായിരുന്നു. പിന്നാലെ, പൊലീസ് എത്തി ഇയാളെ കീഴ്പ്പെടുത്തി. കുട്ടിയും പിതാവും ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News