തിരുവനന്തപുരം: അഭയയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ ഫാ.തോമസ് കോട്ടൂരിനേയും സി.സെഫിയേയും വൈദ്യപരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് മാറ്റും. നാളെ ശിക്ഷാവിധി കേള്‍ക്കാന്‍ ഇവരെ വീണ്ടും കോടതിയില്‍ എത്തിക്കും. സി.സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും ഫാ.തോമസ് കോട്ടൂരിനെ പൂജപ്പുര ജില്ലാ ജയിലിലേക്കും മാറ്റും.
കൊലപാതകത്തിനു (302) പുറമേ മനഃപൂര്‍വ്വം മരണത്തിലേക്ക് വഴിവച്ചു (449 ) തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിച്ചതിലും (201)ഇവര്‍ കുറ്റക്കാരാണ്. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഫാ.കോട്ടൂര്‍ മഠത്തില്‍ അതിക്രമിച്ചുകയറിയതെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.
വിധി കേട്ട് സി.സെഫി കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. എന്നാല്‍ വികാരാധീനനായാണ് ഫാ.തോമസ് കോട്ടൂര്‍ കോടതിമുറിയില്‍ നിന്നത്. സത്യം തെളിയുമെന്നും ദൈവം തനിക്കൊപ്പമുണ്ടെന്നും പേടിയില്ലെന്നും ഫാ.കോട്ടൂര്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു. അപ്പീല്‍ പോകുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
ദൈവം ഒപ്പമുണ്ടെന്ന് സി.സെഫിയും കോടതിയില്‍ നിന്ന് പുറത്തിറങ്ങി വന്നസമയത്ത് പ്രതികരിച്ചു. ഇരുവരേയും വൈദ്യപരിശോധനയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.