നാലമത്തേതും പെണ്‍കുഞ്ഞ്; മൂന്നു കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊന്ന ശേഷം പിതാവ് ജീവനൊടുക്കി
ഗാന്ധിനഗര്‍: നാലാമതും ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ മനംനൊന്ത് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ ജുനാഗാദ് ജില്ലയിലെ ഖംബാലിയ ഗ്രാമത്തിലാണ് സംഭവം. റാസിക് സോളങ്കി (35) എന്ന കര്‍ഷകനാണ് കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ് കൊന്ന ശേഷം ജീവനൊടുക്കിയത്. ഭാര്യ നാലാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ അസ്വസ്ഥനായാണ് സോളങ്കി ഈ പ്രവൃത്തി ചെയ്തതെന്ന് പോലീസ് പറഞ്ഞു. അഞ്ജലി (ഏഴ്), റിയ (അഞ്ച്), ജല്‍പ (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനടുത്തുള്ള കിണറ്റില്‍ നിന്നും കണ്ടെത്തിയത്.
പത്തു ദിവസം മുന്‍പ് ഭാര്യ നാലാമതും ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതില്‍ സോളങ്കി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവ ദിവസം സോളങ്കിയുടെ ഭാര്യയും നവജാത ശിശുവും അവരുടെ അമ്മ വീട്ടിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.