ഒരു വയസുകാരിയെ പിതാവ് ജീവനോടെ കുഴിച്ചുമൂടി

നാഗ്പൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരു വയസുകാരിയായ മകളെ പിതാവ് ജീവനോടെ കുഴിച്ചുമൂടി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ വാഡി-വാക്കാട് ഗ്രാമത്തിലുള്ള റിസോദ് എന്ന സ്ഥലത്താണ് സംഭവം. പ്രതി സുരേഷ് ഘുഗെ(27)യെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. മക്കള്‍ എല്ലാവരും പെണ്‍കുട്ടികളായതിന്റെ പേരില്‍ സുരേഷ് ഭാര്യ കാവേരിയെ പതിവായി മര്‍ദിക്കുമായിരുന്നു. കൂടാതെ ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നും സുരേഷ് സംശയിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഇയാള്‍ ഭാര്യയെ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതേതുടര്‍ന്ന് കാവേരി പ്രാണരക്ഷാര്‍ഥം ബന്ധുക്കളുടെ അടുക്കലേക്ക് ഓടിപ്പോയി. ഇതില്‍ കലിപൂണ്ട സുരേഷ് കുഴിയെടുത്ത് ഒരു വയസുകാരിയായ മകളെ അതിലിട്ട് കുഴിച്ചു മൂടുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ സംഭവം അറിഞ്ഞത്. കൊലപാതകത്തിനും കൊലപാതക ശ്രമത്തിനുമാണ് സുരേഷിനെതിരെ പോലീസ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News