ലക്‌നൗ: നവവധുവിനെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന്റെയും രണ്ട് ആണ്‍മക്കളുടെയും മുന്‍കൂര്‍ ജാമ്യ അപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. നേരത്തേ, കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ഭര്‍ത്താവും അച്ഛനും സഹോദരനും ഉള്‍പ്പെടെ 16 പേരാണ് കേസിലെ പ്രതികള്‍.
പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് സരംഗ് വി കോട്ട് വാള്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
2020 ജൂണ്‍ 6നാണ് കേസില്‍ യുവതിയുടെ ഭര്‍ത്താവും പിതാവും സഹോദരനും അറസ്റ്റിലാകുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് യുവതിയുടെ പരാതിയില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. 2019 ല്‍ വിവാഹത്തിന് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ട് വരന്റെ വീട്ടുകാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ഇരുപത് ലക്ഷത്തോളം രൂപ വിവാഹത്തിന് മുമ്പായി വരന്റെ വീട്ടുകാര്‍ക്ക് നല്‍കി. ഇതിന് ശേഷം 2020 ജുലൈ ആറിനാണ് വിവാഹം നടന്നത്.
വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ വ്യക്തമാക്കുന്നു. മാത്രമല്ല വിവാഹത്തിന് ശേഷം ഭര്‍ത്താവ് താനുമായി ശാരീരിക ബന്ധത്തിന് തയ്യാറായിരുന്നില്ലെന്നു യുവതിയുടെ പറയുന്നു. ഇതോടെയാണ് ഇയാള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കഴിവില്ലായ്മയെ തുടര്‍ന്ന് ചികിത്സ നടത്തുന്നതായി യുവതി അറിയുന്നത്.
തുടര്‍ന്ന്, 2020 ജനുവരി 22 ന് തന്റെ മുറിയിലേക്ക് ഭര്‍ത്താവും പിതാവും സഹോദരനും അന്യായമായി കയറി വരികയും തന്നെ ഉപദ്രവിക്കുകയുമായിരുന്നെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. മെഡിക്കല്‍ പ്രാക്ടീഷണറായ ഭര്‍തൃപിതാവ് ബലമായി തന്റെ ശരീരത്തില്‍ ഏതോ മരുന്ന് കുത്തിവെച്ചു. ഇതിന് കൂട്ടുനിന്നത് ഭര്‍ത്താവും സഹോദരനുമാണ്. മരുന്ന് കുത്തിവെച്ച് തന്നെ അബോധാവസ്ഥയിലാക്കിയ ശേഷം ഭര്‍തൃപിതാവും സഹോദരനുമടക്കമുള്ളവര്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് തന്നെ സ്വന്തം വീട്ടിലേക്ക് പറഞ്ഞു വിടുകയും, സ്ത്രീധന തുക നല്‍കാതെ ഭര്‍തൃവീട്ടിലേക്ക് തിരികേ കൊണ്ടുപോകില്ലെന്ന് തന്റെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ മുംബൈയിലുള്ള സഹോദരിയുടെ വീട്ടിലെത്തിയ യുവതി താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞതോടെയാണ് കുടുംബം പരാതി നല്‍കാന്‍ തീരുമാനിച്ചത്.