ചാരുംമൂട്: നാലാംക്ലാസ് വിദ്യാർഥിനിയായ മകളെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ പിതാവ് ഏഴു ക്രിമിനൽ കേസുകളിലെ പ്രതി. 2016 മുതൽ ലഹരിവസ്തുക്കളുടെ കച്ചവടം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് കഴിഞ്ഞദിവസം അറസ്റ്റിലായ ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസാർ (35)
അടൂരിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവവുമുണ്ട്. മാസങ്ങളോളം ഒളിവിലും ജയിലിലും കഴിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മർദിച്ച കേസിൽ അറസ്റ്റിലായ ഇയാളെയും ഭാര്യ ഷെഫീന (27)യെയും മാവേലിക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ശനിയാഴ്ച റിമാൻഡ് ചെയ്തു.
മൂന്നുദിവസമായി ഒളിവിലായിരുന്ന ഇവരെ ചെങ്ങന്നൂർ ഡിവൈഎസ്‌പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രിയിലാണ് പിടിച്ചത്. അൻസാറിനെ പത്തനംതിട്ട അടൂർ കടമാൻകുളത്തുനിന്നും ഷെഫീനയെ കൊല്ലം ചക്കുവള്ളിയിലെ ബന്ധുവീട്ടിൽനിന്നുമാണ് പിടിച്ചത്.
ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായിരുന്നു. എന്നാൽ, ഫോൺ ഓഫാക്കുന്നതിനു മുൻപ് ഇവരെ സഹായിച്ചവരെ കണ്ടെത്തിയാണ് ഒളിത്താവളങ്ങൾ മനസ്സിലാക്കി അറസ്റ്റുചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ പറഞ്ഞു.
ജുവനൈൽ ജസ്റ്റിസ് ആക്ട് (75), കുട്ടിയെ കൈകൊണ്ടും ചൂരൽകൊണ്ടും അടിച്ചതിന് ഭാരതീയ ന്യായസംഹിത 115-2, 118-1 വകുപ്പുകൾ പ്രകാരമാണ് കേസ്.
ഡിവൈഎസ്‌പിയുടെ കീഴിൽ അഞ്ചു പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു ഇവർക്കുവേണ്ടി തിരച്ചിൽ നടത്തിയത്. ബുധനാഴ്ച പോലീസ് അന്വേഷണം തുടങ്ങിയതോടെ വീടുപൂട്ടി ദമ്പതിമാർ മുങ്ങുകയായിരുന്നു. സംഭവശേഷം ഇവരുടെ ഇരുനിലവീട് പൂട്ടിയിട്ടിരിക്കുകയാണ്.
അരുതെന്നു പറഞ്ഞിട്ടും വീടിന്റെ ജനാല രാത്രിയിൽ തുറന്നതിലുള്ള വിരോധത്തിലാണ് കഴിഞ്ഞദിവസം കുട്ടിയുടെ കവിളിൽ പിതാവ് അടിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരുമാസംമുൻപ് കാലിൽ ചൂരൽകൊണ്ടും അടിച്ചിരുന്നു. പുതിയവീട്ടിൽ താമസം തുടങ്ങിയശേഷം കുട്ടിക്ക് പല വിലക്കുകളും ഏർപ്പെടുത്തിയിരുന്നു. കുട്ടി അമ്മൂമ്മയോടൊപ്പം താമരക്കുളത്തെ ബന്ധുവീട്ടിലാണിപ്പോൾ. ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്.
ബുധനാഴ്ച രാവിലെ സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്ത് മർദിച്ചതിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകരോടാണ് ക്രൂരമർദനത്തിന്റെ വിവരങ്ങൾ കുട്ടി പറഞ്ഞത്. വീട്ടിൽ നേരിട്ട പ്രയാസങ്ങളെപ്പറ്റിയും മർദനത്തെപ്പറ്റിയും ‘എന്റെ അനുഭവം’ എന്ന തലക്കെട്ടിൽ നോട്ടുബുക്കിന്റെ താളിൽ കുട്ടി എഴുതിയ കുറിപ്പും ലഭിച്ചിരുന്നു. അധ്യാപകരുടെ മൊഴിയെടുത്തശേഷമാണ് പോലീസ് പ്രതികൾക്കെതിരേ കേസെടുത്തത്.പെൺകുട്ടിയെ പ്രസവിച്ച് ഏഴുദിവസം കഴിഞ്ഞപ്പോൾ മാതാവ് മരിച്ചിരുന്നു. തുടർന്നാണ് പിതാവ് ബന്ധുവായ യുവതിയെ വിവാഹം കഴിച്ചത്.
ദേഹത്തൊക്കെ അടിച്ചോ… മുറിവുണ്ടോ..? മന്ത്രി വി. ശിവൻകുട്ടി ആ നാലാംക്ലാസുകാരിയെ ചേർത്തുനിർത്തി ചോദിച്ചു. ഇവിടെ ഇച്ചിരിയൊന്നു മുറിഞ്ഞിട്ടുണ്ട്. അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ‘ഇനി പ്രശ്നമൊന്നുമുണ്ടാകില്ല… നല്ലോണം പഠിക്കണം… ടീച്ചറോട് പറയണം, മന്ത്രിയും ഷാനവാസുമൊക്കെ വന്നിരുന്നെന്ന്..’. ഇതു പറഞ്ഞപ്പോൾ ശിവൻകുട്ടി ശരിക്കും മന്ത്രിയപ്പൂപ്പനായി.
ആലപ്പുഴ ചാരുംമൂട്ടിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദനത്തിനിരയായ പെൺകുട്ടിയെ കാണാനെത്തിയതായിരുന്നു മന്ത്രി. ഐഎഎസുകാരിയാകാനാണ് ആഗ്രഹമെന്നു പറഞ്ഞപ്പോൾ കൂടെയുണ്ടാകുമെന്ന് ഉറപ്പും നൽകി. ശേഷം അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു; “ആ കുഞ്ഞുമോളെ നേരിൽ കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരുപാട് വേദന തോന്നി. ഈ സംഭവത്തിന്റെ ആഘാതത്തിലും നിറഞ്ഞ ചിരിയോടെയാണ് അവൾ എന്നോടു സംസാരിച്ചത്.
സംസാരിക്കുന്നതിനിടെ, ‘വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം’ എന്ന് ആ കുഞ്ഞ് നിഷ്കളങ്കമായി പറയുമ്പോൾ, സ്നേഹമെന്ന വികാരം എത്രത്തോളം ശക്തമാണെന്നു ഞാൻ തിരിച്ചറിഞ്ഞു’’.സംഭവത്തിനു ശേഷം അമ്മൂമ്മയോടൊപ്പം താമരക്കുളത്തെ ബന്ധുവീട്ടിലാണ് പെൺകുട്ടി. അനുഭവിച്ച വേദനകളിൽനിന്ന് കുട്ടി പതിയെ പുറത്തുവരുന്നുണ്ട്. മുഖത്തു നിറഞ്ഞ ചിരി. ശനിയാഴ്ച രാവിലെ മദ്രസയിൽ പരീക്ഷയെഴുതാൻ പോയി. തിരികെയെത്തിയശേഷം മന്ത്രിയെ കാത്തിരിപ്പായിരുന്നു.
പറഞ്ഞസമയത്ത്, പതിനൊന്നരയോടെ അദ്ദേഹമെത്തി. കൈയിൽ കരുതിയ മിഠായികൾ അവൾക്കുനേരേ നീട്ടി. പറയാനുള്ളത് ക്ഷമയോടെ കേട്ടു. കുറച്ചുനേരം അവൾക്കൊപ്പമിരുന്നു. ‘കുട്ടി കുറെ കാര്യങ്ങൾ പറഞ്ഞു. പോകാനായി എഴുന്നേറ്റപ്പോൾ കൈ വിടുന്നില്ല. നിർബന്ധമായി കൈ പിടിക്കുകയായിരുന്നു’ -തുടർന്നു നടന്ന പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.എം.എസ്. അരുൺകുമാർ എംഎൽഎ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, മാവേലിക്കര എഇഒ, മുൻ എംപി. സി.എസ്. സുജാത തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.


