CrimeKeralaNewsNews

തടവുചാടിയ ഹർഷാദ് ജയിലിൽ ഉപയോഗിച്ചത് 5 മൊബൈൽ, പെൺസുഹൃത്തിനെ സ്ഥിരം വിളിക്കും; ടാറ്റൂ സെൻ്ററിലെ ബന്ധം

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ മയക്കുമരുന്ന് കേസിലെ ശിക്ഷാത്തടവുകാരന്‍ കോയ്യോട് സ്വദേശി ടി.സി. ഹര്‍ഷാദിനെ (33) തമിഴ്‌നാട്ടിലെ ഒളിത്താവളത്തില്‍നിന്ന് അറസ്റ്റ്ചെയ്തു. ഒളിത്താവളം ഒരുക്കിയ മധുര കാരക്കുടി സ്വദേശിനി അപ്‌സരയെയും (23) അറസ്റ്റ്ചെയ്തു. കണ്ണൂര്‍ എ.സി.പി. കെ.വി. വേണുഗോപാല്‍, ടൗണ്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടിച്ചത്.

ജയില്‍ ചാടാന്‍ ബെംഗളൂരുവില്‍നിന്ന് ബൈക്ക് എത്തിച്ചുനല്‍കിയ ഹര്‍ഷാദിന്റെ മരുമകന്‍ റിസ്വാന്‍ (24) കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. നാലുദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് അപ്‌സരയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് അന്വേഷണസംഘം നടത്തിയ ശാസ്ത്രീയനീക്കങ്ങള്‍ക്കൊടുവിലാണ് പ്രതിയെ പിടിച്ചത്. ബൈക്കില്‍ രക്ഷപ്പെടുത്തിയ ബന്ധുവിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ടൗണ്‍ എസ്‌.െഎ.മാരായ സവ്യസാചി, സി.പി. നാസര്‍, എ.എസ്‌.െഎ.മാരായ എം. അജയന്‍, സി. രഞ്ജിത്ത്, പി. ഷൈജു, വിനില്‍, വനിത എ.എസ്‌.െഎ. കെ. ഷിജി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

സെന്‍ട്രല്‍ ജയിലില്‍നിന്ന് ബൈക്കില്‍ ബെംഗളൂരുവിലേക്കാണ് ഹര്‍ഷാദ് രക്ഷപ്പെട്ടത്. അവിടെനിന്ന് ഡല്‍ഹിയിലേക്ക് തീവണ്ടി കയറി. പിന്നീട് നേപ്പാള്‍ അതിര്‍ത്തിയിലേക്ക്. അവിടെ എത്തിയശേഷം ജയില്‍ ചാടാന്‍ സഹായിച്ച റിസ്വാനെ മൊബൈല്‍ഫോണില്‍ വിളിച്ചു. ഒരു മിനിറ്റ് മാത്രം ഫോണ്‍ പ്രവര്‍ത്തിച്ചശേഷം സ്വച്ച് ഓഫ് ചെയ്തു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്ന് അന്വേഷണസംഘം പറഞ്ഞു.

നേപ്പാള്‍ വഴി വിദേശത്തേക്ക് കടന്നെന്ന് പോലീസിനെ വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഹര്‍ഷാദ് ഡല്‍ഹിയില്‍നിന്ന് നേരേ തമിഴ്‌നാട്ടിലെ മധുര കാരക്കുടിയിലെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തി. പെണ്‍സുഹൃത്തിന്റെ വീട്ടിന് തൊട്ടടുത്ത പ്രദേശമായ ഭാരതിനഗറിലെ കല്ലല്‍ എന്നസ്ഥലത്ത് വീട് വാടകയ്ക്ക് എടുത്താണ് ഹര്‍ഷാദിനെ രഹസ്യമായി താമസിപ്പിച്ചത്.

പോലീസ് സംഘം അപ്‌സരയുടെ വീട്ടില്‍ എത്തിയപ്പോള്‍ ആദ്യം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായില്ല. കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയപ്പോഴാണ് പ്രതിയുടെ ഒളിത്താവളത്തെക്കുറിച്ച് അപ്‌സര മൊഴിനല്‍കിയത്.

ജനുവരി 14-ന് രാവിലെ 6.45-ഓടെ പത്രക്കെട്ട് എടുക്കാന്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലെ പടികള്‍ ഇറങ്ങിയശേഷം റോഡിലേക്ക് ഓടിയ ഹര്‍ഷാദ് സുഹൃത്തിന്റെ ബൈക്കില്‍ കയറിയാണ് രക്ഷപ്പെട്ടത്.

ഹര്‍ഷാദ് ജയിലില്‍ അഞ്ച് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തി. മൊബൈല്‍ഫോണ്‍ നിരോധിച്ച ജയിലിനകത്ത് അഞ്ച് ഫോണ്‍ ഉപയോഗിച്ചെന്ന കണ്ടെത്തല്‍ അന്വേഷണസംഘത്തെ ഞെട്ടിച്ചു.

തടവുചാടുന്നതിന് 30 മിനിറ്റ് മുന്‍പുവരെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തി. തമിഴ്‌നാട് മധുര കാരക്കുടി സ്വദേശിയായ പെണ്‍സുഹൃത്ത് അപ്‌സരയെയും സഹോദരനെയും മരുമകന്‍ റിസ്വാനെയും ഫോണ്‍ വിളിക്കാറുണ്ട്. കൂടാതെ ഇയാളുടെ മാതാപിതാക്കളെയും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.

ഹര്‍ഷാദ് നാല് കവര്‍ച്ചക്കേസ് ഉള്‍പ്പെടെ 17 കേസുകളില്‍ പ്രതിയാണെന്ന് പോലീസ്. തളിപ്പറമ്പ്, കതിരൂര്‍, എടക്കാട്, ചൊക്ലി പോലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, മോഷണം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. കണ്ണവം പോലീസ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ 10 വര്‍ഷം കഠിനതടവിന് വടകര കോടതി ശിക്ഷിച്ചിരുന്നു. തുടര്‍ന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി എത്തിയത്. ഒരുവര്‍ഷം ശിക്ഷമാത്രമാണ് അനുഭവിച്ചത്.

ഇതിനിടയിലാണ് ജയിലിലെ വെല്‍ഫെയര്‍ ഓഫീസിന്റെ ചുമതല നല്‍കിയത്. ഇത് ഗുരുതരമായ വീഴ്ചയായി കണക്കാക്കുന്നു. വെല്‍ഫെയര്‍ ഓഫീസില്‍ സഹായിയായതിനാല്‍ ജയില്‍ ഓഫീസിലെ ചില ഫയലുകളിലെ രഹസ്യങ്ങള്‍ മനസ്സിലാക്കിയതായും കണ്ടെത്തി. ഇക്കാര്യം ജയില്‍വകുപ്പ് അന്വേഷിക്കുന്നുണ്ട്.

ഉദ്യോഗസ്ഥന്‍മാരോട് മാന്യമായി സംസാരിക്കുകയും അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്തതോടെയാണ് പ്രധാന ചുമതല നല്‍കിയത്. സാധാരണ ശിക്ഷ കഴിയാറായവരെയാണ് പത്രക്കെട്ടുകള്‍ എടുക്കാന്‍ ജയിലിന് പുറത്തുവിടാറുള്ളത്. എന്നാല്‍ ഹര്‍ഷാദിന് പുറത്തുപോകാനുള്ള അനുമതി നല്‍കിയത് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിന്റെ പിന്‍ബലത്തിലാണ്. ദിവസങ്ങളുടെ ആസൂത്രണമാണ് ഹര്‍ഷാദ് ജയില്‍ച്ചാട്ടത്തിനായി നടത്തിയത്. സഹോദരനുമായും മരുമകനുമായും പെണ്‍സുഹൃത്തുമായും ഗൂഢാലോചന നടത്തി.

പച്ചകുത്തുന്നത് പഠിക്കാനായി രണ്ടുവര്‍ഷം മുന്‍പാണ് മധുര കാരക്കുടി സ്വദേശിയായ അപ്‌സര തലശ്ശേരില്‍ എത്തുന്നത്. ടാറ്റു പഠിപ്പിക്കുന്ന അധ്യാപകന്‍ ഹര്‍ഷാദിന്റെ പരിചയക്കാരനായിരുന്നു. ടാറ്റു സെന്ററില്‍വെച്ചാണ് അപ്‌സരയുമായി അടുപ്പത്തിലായത്. പിന്നീട് ഇരുവരും തമിഴ്‌നാട്ടില്‍ ഒന്നിച്ച് താമസിച്ചു.

പിന്നീട് ഹര്‍ഷാദ് ജയിലായപ്പോഴും ഫോണിലൂടെ ബന്ധം തുടര്‍ന്നു. ജയില്‍ ചാടിയപ്പോള്‍ ബെംഗളൂരുവില്‍നിന്ന് നേരേ അപ്‌സരയെ തേടി തമിഴ്‌നാട്ടില്‍ എത്തുകയായിരുന്നു. പിന്നീട് ഒളിവില്‍ കഴിയാന്‍ സ്വകാര്യമായി വാടകവീട് സംഘടിപ്പിച്ചതും പുതിയ മൊബൈല്‍ സിം കാര്‍ഡ് എടുത്തുനല്‍കിയതും അപ്‌സരയായിരുന്നു.

ജയില്‍ച്ചാട്ടത്തിനുശേഷം ഹര്‍ഷാദ് ഒളിവില്‍ താമസിച്ചത് ഭാരതിനഗറില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ കല്ലല്‍ എന്ന സ്ഥലത്തുള്ള ഒരു സബ് കളക്ടറുടെ വാടക ഫ്‌ലാറ്റില്‍.അപ്‌സരയാണ് ഒളിത്താവളമായി ഈ ഫ്‌ലാറ്റ് തിരഞ്ഞെടുത്തത്. 15 ദിവസം താമസിച്ചു. പോലീസ് എത്തിയാലും പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഈ കാലയളവില്‍ എ.ടി.എം. കാര്‍ഡോ മൊബൈല്‍ ഫോണോ ഹര്‍ഷാദ് ഉപയോഗിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button