ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യവുമായി ‘ഡല്‍ഹി ചലോ’ പ്രതിഷേധം ശക്തമാകുന്നതിനിടെ നിരാഹാര സമരവുമായി കര്‍ഷക നേതാക്കള്‍. ഡല്‍ഹി സിംഗു അതിര്‍ത്തിയിലെ വേദിയിലായിരിക്കും നിരാഹാരം. ഇന്ന് രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി നടത്തും.
കര്‍ഷകര്‍ ഇന്ന് ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഉപരോധിക്കും. പഞ്ചാബില്‍ നിന്ന് 30,000 കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ പ്രധാനപാതകളും വരും ദിവസങ്ങളില്‍ ഉപരോധിക്കാനാണ് കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നത്. ദേശീയപാതകളില്‍ കേന്ദ്രസേനയുടെയും പോലീസിന്റെയും വന്‍ സന്നാഹമാണ് തുടരുന്നത്.
പ്രക്ഷോഭത്തിന്റെ ഭാഗമായി രാജസ്ഥാനിലെ ഷാജഹാന്‍പൂരില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകരാണ് ഇന്ന് പുറപ്പെടുന്നത്. രാവിലെ പതിനൊന്ന് മണിക്ക് യാത്ര തുടങ്ങുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ഇതോടെ, 2500 പോലീസുകാരെ ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയില്‍ നിയോഗിച്ചു. കൂടുതല്‍ കമ്പനി കേന്ദ്ര സേനയെ അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചു.