FeaturedNationalNews

ദേശീയ പതാകയേന്തി സംഘടിച്ച് കർഷകർ, ഒഴിപ്പിക്കൽ ശ്രമം പാളി

ഡൽഹി:ഗാസിപ്പൂരിൽ സമരവേദി ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ജില്ലാഭരണകൂടം തത്കാലം പിൻവാങ്ങി. രാത്രി തന്നെ ഒഴിയണമെന്ന അന്ത്യശാസനം തള്ളിയ കർഷകർ സംഘടിച്ചെത്തിയതോടെ തിരക്കിട്ട് നടപടി വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു ജില്ലാ ഭരണകൂടം. സമരസ്ഥലത്തെത്തിയ പൊലീസും കേന്ദ്രസേനയും മടങ്ങിയതോടെയാണ് രാത്രി വൈകിയും നീണ്ട സംഘർഷാവസ്ഥയ്ക്ക് താത്കാലിക ശമനമായത്. പൊലീസും കേന്ദ്രസേനയും മടങ്ങിയതോടെ കർഷകർ ദേശീയ പതാകയുമേന്തി ആഹ്ളാദപ്രകടനം നടത്തി.

നേരത്തെ പൊലീസ് നടപടി രാത്രിയുണ്ടാകില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കിയെങ്കിലും പൊലീസും കേന്ദ്രസേനയും സ്ഥലത്ത് നിലയുറപ്പിച്ചതോടെ ആശങ്ക തുടർന്നു. രാത്രി പതിനൊന്ന് മണിവരെയായിരുന്നു ഒഴിയാൻ നേരത്തെ ക‍ർഷകർക്ക് നൽകിയിരുന്ന സമയം. എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന് കർഷകർ നിലപാടെടുത്തതിന്റെ പിന്നാലെയാണ് പൊലീസ് ഒരു സംഘർഷ സാഹചര്യത്തിൽ നിന്ന് പിൻവാങ്ങിയത്. പ്രത്യേകിച്ചും ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുന്ന സാഹചര്യത്തിൽ രാത്രി തിരക്കിട്ട് പൊലീസ് നടപടിയുണ്ടായാൽ പാർലമെന്‍റിലടക്കം കേന്ദ്രസര്‍ക്കാരിന് വലിയ വെല്ലുവിളിയായി സംഭവം മാറുമെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു.

നേരത്തെ ഗാസിപ്പൂർ ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്തെത്തി രാകേഷ് ടിക്കായത്തിനെ സന്ദർശിച്ച ശേഷം മടങ്ങിയിരുന്നു. വിജയം വരെ സമരം തുടരുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് ഇതിനുപിന്നാലെ അഭിപ്രായപ്പെട്ടിരുന്നു. അനുയായികളോട് ശാന്തരായിരിക്കാനും സമാധനപരമായി സമരം തുടരാനും ടിക്കായത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രദേശത്ത് തമ്പടിച്ച കർഷകർ പ്രധാന വേദിക്ക് അടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കയ്യിൽ ദേശീയ പതാകയുമായാണ് കർഷകർ സ്ഥലത്തുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button