സെന്‍റ് ജോര്‍ജ്‌സ് പാര്‍ക്ക്: ഏകദിന ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും നിരാശ സമ്മാനിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ സഞ്‍ജുവിന് ഏറെനേരം ക്രീസില്‍ നില്‍ക്കാനുള്ള സാധ്യത മുന്നിലുണ്ടായിരുന്നിട്ടും 23 പന്തിൽ 12 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ബ്രൂറന്‍ ഹെൻഡ്രിക്സിന്‍റെ പന്തില്‍ ബൗള്‍ഡായായിരുന്നു സഞ്ജുവിന്‍റെ മടക്കം. ആദ്യ മത്സരത്തിൽ ടീമിൽ ഉണ്ടായിരുന്നെങ്കിലും സഞ്ജുവിന് ബാറ്റ് ചെയ്യാൻ അവസരം കിട്ടിയിരുന്നില്ല. ഇപ്പോള്‍ അവസരം കിട്ടിയിട്ടും മുതലാക്കാന്‍ കഴിയാതെ വരുന്നതോടെ സഞ്ജുവിനെ കടന്നാക്രമിക്കുകയാണ് ക്രിക്കറ്റ് ആരാധകരില്‍ ഒരുപക്ഷം.
ലഭിക്കുന്ന അവസരങ്ങളില്‍ തിളങ്ങാന്‍ കഴിയാത്തതാണ് സഞ്ജു സാംസണിന്‍റെ പ്രശ്‌നം എന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. സഞ്ജുവില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇത്തരം മോശം പ്രകടനമല്ല എന്ന് ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ 23 പന്തില്‍ 12 റണ്‍സുമായി സഞ്ജു ഇന്‍സൈഡ് എഡ്‌ജില്‍ സ്റ്റംപ് തെറിച്ച് പുറത്തായതിന് പിന്നാലെ ഇത്തരം വിമര്‍ശനങ്ങള്‍ കൊണ്ട് സഞ്ജുവിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനത്തില്‍ തിളങ്ങാതെ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിന് മുന്നില്‍ മറ്റ് വഴികളില്ല. സഞ്ജു സാംസണെ വിമര്‍ശിച്ചു കൊണ്ടുള്ള പ്രതികരണങ്ങള്‍ നോക്കാം.
സഞ്ജു സാംസണിന് തിളങ്ങാനാവാതെ വന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന്‍റെ തോൽവി നേരിട്ടു. ഇന്ത്യയുടെ 211 റൺസ് ദക്ഷിണാഫ്രിക്ക വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 45 പന്ത് ശേഷിക്കേ മറികടന്നു. സ്കോര്‍: ഇന്ത്യ- 211-10 (46.2), ദക്ഷിണാഫ്രിക്ക- 215-2 (42.3). ഓപ്പണറായിറങ്ങി 122 പന്തിൽ 9 ഫോറും ആറ് സിക്സുമടക്കം പുറത്താവാതെ 119* റൺസെടുത്ത ടോണി ഡി സോർസിയാണ് പ്രോട്ടീസിന്‍റെ വിജയശിൽപി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യൻ നിരയിൽ പൊരുതിയത് കരിയറിലെ രണ്ടാമത്തെ മാത്രം ഏകദിനം കളിക്കുന്ന സായ് സുദർശനും ക്യാപ്റ്റൻ കെ എൽ രാഹുലും മാത്രമായിരുന്നു. സായ് 62 ഉം, രാഹുൽ 56 ഉം റൺസെടുത്തു.