ന്യൂയോർക്ക് ∙ പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കുനേരെ യുഎസിൽ ആക്രമണം. വെള്ളിയാഴ്ച ന്യൂയോർക്കിൽ നടന്ന പരിപാടിയിൽ പ്രഭാഷണം നടത്തുന്നതിനു മുൻപു സൽമാൻ റുഷ്ദിക്കു കുത്തേറ്റതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു.
ഷതൗക്വാ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിപാടിയിൽ പ്രഭാഷണത്തിനായി അവതാരകൻ ക്ഷണിച്ചതിനു തൊട്ടുപിന്നാലെ ഒരാൾ സ്റ്റേജിൽ കയറി റുഷ്ദിയെ മുഖത്ത് ഇടിക്കുകയോ കുത്തുകയോ ചെയ്യുകയായിരുന്നെന്നാണ് വിവരം. സ്റ്റേജിൽ വീണ റുഷ്ദിയെ പ്രഥമശുശ്രൂഷകൾക്കു ശേഷം ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.
അക്രമിയെ സംഭവസ്ഥലത്തുവച്ച് കാണികൾ പിടികൂടി. ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് പൗരനാണ് എഴുപത്തഞ്ചുകാരനായ സൽമാൻ റുഷ്ദി. കഴിഞ്ഞ 20 വർഷമായി യുഎസിലാണ് താമസം. 1981ല്‍ പുറത്തുവന്ന ‘മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍’ എന്ന നോവലിലൂടെയാണ് സൽമാൻ റുഷ്ദി വിശ്വപ്രസിദ്ധിയിലേക്കുയര്‍ന്നത്. ഈ പുസ്തകത്തിന് ബുക്കർ പുരസ്കാരം ലഭിച്ചിരുന്നു.
‘ദ് സാറ്റാനിക് വെഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരിൽ 1980കളുടെ അവസാനം മുതൽ റുഷ്ദിക്കു വധഭീഷണിയുണ്ട്. 1988ൽ പുസ്തകം ഇറാനിൽ നിരോധിച്ചു.റുഷ്ദിയെ കൊല്ലുന്നവർക്കു മൂന്നു മില്യൻ യുഎസ് ഡോളർ പാരിതോഷികം ഇറാന്റെ പരമോന്നത നേതാവ് 1989 ഫെബ്രുവരി 14ന് പ്രഖ്യാപിച്ചിരുന്നു.