സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയ യുവാവ് മടങ്ങിയെത്തിയത് അതീവ ഗുരുതരാവസ്ഥയിൽ; പരാതി നൽകി കുടുംബം

തൃശൂർ:കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോയയാൾ തിരികെ വന്നത് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ. അപകടത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാർ പോലീസിൽ പരാതി നൽകി. അരിമ്പൂർ പഞ്ചായത്ത് രണ്ടാംവാർഡിൽ ഉദയനഗർ റോഡിൽ മാളോക്കാരൻ ജെയിംസാണ് (ജെയ്മി-46) ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. കാഞ്ഞാണി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ജെയിംസ്.

ബസ് ജീവനക്കാരനായ ഒരു സുഹൃത്തിന് കേരള ഭാഗ്യക്കുറി അടിച്ചിരുന്നു. ഇതിന്റെ സന്തോഷസൂചകമായാണ് ഒൻപതംഗസംഘം നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയത്. ജനുവരി 25-ന് രാവിലെ എട്ടിനാണ് സംഘം ജീപ്പിൽ യാത്രപോയത്. രാത്രി എട്ടോടെ സംഘത്തിലെ ഒരാൾ ജെയിംസ് വീണ്‌ പരിക്കേറ്റ് ആശുപത്രിയിലാണെന്ന് ഫോണിൽ വിളിച്ചുപറഞ്ഞതായി ജെയിംസിന്റെ ഭാര്യ റിജീഷ പറഞ്ഞു.

ജെയിംസ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു, ആറുദിവസം അവിടെ കഴിഞ്ഞശേഷം പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മൂന്നു ദിവസത്തിനുശേഷം ആശുപത്രിയിൽനിന്ന് വിട്ടയച്ചു. തുടർന്ന് പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അബോധാവസ്ഥയിലാണ് ജെയിംസ്. ഇടയ്ക്കിടെ തൊണ്ടയിലും ശ്വാസനാളത്തിലും വരുന്ന കഫം വീട്ടുകാർ യന്ത്രസഹായത്തോടെ വലിച്ചുകളയുകയാണ്. വിമുക്തഭടൻ പരേതനായ പോളിന്റെയും ലീലയുടെയും മകനാണ്.

യാത്രപോയ ഒൻപതംഗസംഘത്തിലെ രണ്ടുപേർ ജീപ്പിൽ വെച്ച് വാക്കേറ്റമുണ്ടാക്കുകയും വഴക്കിനെത്തുടർന്ന് മടങ്ങിപ്പോകുകയും ചെയ്തിരുന്നു. ജെയിംസിനുണ്ടായ അപകടത്തെപ്പറ്റി കൂടെയുണ്ടായിരുന്നവർ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് പറഞ്ഞിരുന്നത്. ഒരാൾ പാറയിൽ തലയടിച്ചു വീണു എന്നും മറ്റൊരാൾ പാറക്കെട്ടിലേക്ക് വീണു എന്നും പറഞ്ഞു. മറ്റൊരു സുഹൃത്തു പറഞ്ഞത് നിർത്തിയിട്ടിരുന്ന വണ്ടിയിൽനിന്ന് റോഡിലേക്ക് വീണെന്നാണ്. അഭിപ്രായങ്ങൾ വ്യത്യസ്തമായതോടെയാണ് വീട്ടുകാർ നെല്ലിയാമ്പതിയിലെ പാടഗിരി പോലീസ് സ്റ്റേഷനിലും തൃശ്ശൂർ റൂറൽ പോലീസ് സൂപ്രണ്ടിനും പരാതി നൽകിയത്.

നെല്ലിയാമ്പതിയിലെ പാടഗിരി സ്റ്റേഷനിലെ പോലീസുകാർ തിങ്കളാഴ്ച അരിമ്പൂരിൽ എത്തിയിരുന്നു. തുടർന്ന് കാഞ്ഞാണി മേഖലയിലെ ബസ് തൊഴിലാളി സഹായസമിതി ഓഫീസിലെത്തി മൂന്നുപേരുടെ മൊഴിയെടുത്തു. യാത്ര പോകാനായി ഉപയോഗിച്ച ജീപ്പ് നെല്ലിയാമ്പതിയിലേക്ക് എത്തിക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നതായി സഹോദരൻ ജോൺസൺ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News