കൊവിഡിനെ തുടര്‍ന്ന് പുറത്തിറങ്ങാനാകാതെ വീട്ടിലകപ്പെട്ടപ്പോള്‍ പുന്തോട്ടം വൃത്തിയാക്കാന്‍ ഇറങ്ങിയ കുടുംബത്തിന് ലഭിച്ചത് അപൂര്‍വ്വ സമ്മാനം. ബ്രിട്ടനിലെ ഹാംഷെയറിലെ ന്യൂ ഫോറസ്റ്റ് ജില്ലയിലാണ് സംഭവം. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതിനാല്‍ പൂന്തോട്ടമൊന്ന് മെച്ചപ്പെടുത്താന്‍ പറമ്പില്‍ കുഴിയെടുത്തപ്പോള്‍ ലഭിച്ചത് 63 സ്വര്‍ണ്ണ നാണയങ്ങളും ഒരു വെള്ളിനാണയവും. ഉടന്‍ ബ്രിട്ടീഷ് മ്യൂസിയം അധികൃതരെ വിവരമറിയിച്ചു. പരിശോധനയില്‍ 15,16 നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ട് ഭരിച്ചിരുന്ന എഡ്വേര്‍ഡ് നാലാമന്റെയും ഹെന്റി എട്ടാമന്റെയും ചിത്രങ്ങളുള്ള നാണയങ്ങളാണിതെന്ന് വ്യക്തമായി.
ഒരു നാണയത്തില്‍ ഹെന്റി എട്ടാമന്റെ ഭാര്യമാരായിരുന്ന കാതറിന്‍, ആന്‍, ജെയ്ന്‍ എന്നിവരെ കുറിച്ചുള്ള സൂചനകളുമുണ്ട്. ഹെന്റി എട്ടാമന്റെ കാലത്തായിരിക്കാം ഈ നാണയങ്ങള്‍ കുഴിച്ചിട്ടതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ആരെങ്കിലും സ്ഥിരമായി പണം സൂക്ഷിക്കുന്ന സ്ഥലമായിരുന്നോ അതോ ഒളിച്ചുവെച്ചതാണോ എന്നു വ്യക്തമല്ല. ഈ നാണയങ്ങളുടെ അക്കാലത്തെ മൂല്യം 2350 രൂപയാണ്. ഇന്നത്തെ മൂല്യം നോക്കുകയാണെങ്കില്‍ 13 ലക്ഷം രൂപ വരും.
15,16 നൂറ്റാണ്ടുകളിലെ സേവന-വേതന വ്യവസ്ഥകള്‍ പ്രകാരം അത്രയും പണം സമ്പാദിക്കാന്‍ സാധാരണക്കാര്‍ക്കു സാധിക്കില്ല. രാജ്യത്തെ നാണയ വ്യവസ്ഥയെ അഴിച്ചുപണിഞ്ഞയാളാണ് ഹെന്റി എട്ടാമന്‍. ഭാര്യമാരുടെ വിവരങ്ങള്‍ മറ്റൊരു രാജാവും നാണയങ്ങളില്‍ അതുവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഏതെങ്കിലും പുരോഹിതനോ വ്യാപാരിയോ ആവാം നാണയങ്ങള്‍ കുഴിച്ചിട്ടതെന്നാണ് നാണയ വിദഗ്ദനായ ജോണ്‍ നയ്ലര്‍ പറയുന്നത്.
1530-40 കാലയളവില്‍ പല രാജകുടുംബങ്ങളും തകര്‍ന്നു പോയിരുന്നുവെന്നും സമ്പത്ത് സൂക്ഷിക്കാന്‍ സഭകള്‍ സ്വീകരിച്ച രീതിയാവാമിതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരം നാണയങ്ങള്‍ അപൂര്‍വ്വമായേ ലഭിച്ചിട്ടുള്ളൂയെന്നും അദ്ദേഹം പറയുന്നു. ഈ നാണയങ്ങളുടെ പുരാവസ്തു മൂല്യം എത്രയെന്നും വിശദീകരിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. വില്‍പ്പനക്കു വെച്ചാല്‍ കോടികളാണ് കുടുംബത്തിന് ലഭിക്കുക.