ന്യൂഡല്‍ഹി:അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ 35 വാട്സാപ്പ് ഗ്രൂപ്പുകൾക്ക് വിലക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് നടപടി. പ്രതിഷേധം തുടരുമ്പോഴും അഗ്നിപഥ് പദ്ധതിയിൽ ഉറച്ച് നില്‍ക്കുകയാണ് പ്രതിരോധ സേനകൾ. ഈ വർഷത്തെ റിക്രൂട്ട്മെന്‍റ് തിയതികൾ മൂന്ന് സേനകളും പ്രഖ്യാപിച്ചു.
കരസേനയുടെ കരട് വിഞ്ജാപനം നാളെ പുറത്തിറക്കും. ആദ്യ റിക്രൂട്ട്മെന്‍റ് റാലി ആഗസ്റ്റിൽ നടക്കും. ഡിസംബർ ആദ്യം ആദ്യ ബാച്ചിന്‍റെ പരിശീലനം തുടങ്ങും. നാവികസേനയുടെ രജിസ്ട്രേഷൻ ശനിയാഴ്ച്ചയും വ്യോമസേനയുടേത് വെള്ളിയാഴ്ച്ചയും തുടങ്ങും. നാവിക സേനയിൽ ആദ്യ ബാച്ചിന്‍റെ പരിശീലനം നവംബർ 21 നും വ്യോമസേനയിൽ ഡിസംബർ മുപ്പതിനും തുടങ്ങാനാണ് ധാരണ.
നാവിക സേനയിൽ വനിത സെയിലർമാരെയും നിയമിക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിളിച്ച സേനാമേധാവിമാരുടെ യോഗത്തിനു ശേഷമാണ് വാർത്താസമ്മേളനം നടന്നത്.
41 ആയുധ ഫാക്ടറികളിലും 10 ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്കായി മാറ്റിവയ്ക്കും. ചില സംസ്ഥാന സർക്കാരുകൾ മടങ്ങി വരുന്ന അഗ്നവീറുകൾക്കാകെ ജോലി നല്‍കും എന്നറിയിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം സേനകൾ തേടും. ആദ്യ വർഷം 46000 പേരെയാണ് ചേർക്കുന്നതെങ്കിലും ഇത് പിന്നീട് 60000 ആയും 1,25,000 ആയും ഉയരുമെന്ന് സേനകൾ അറിയിച്ചു.
65 ശതമാനം പേർ 35 വയസിന് താഴെയുള്ള രാജ്യത്ത് സൈന്യം ചെറുപ്പമാകേണ്ടതില്ലേ എന്ന ചോദ്യം ഉന്നയിച്ചാണ് സേനകൾ പദ്ധതിയെ ന്യായീകരിച്ചത്. ഇതിന് ദൈവം നല്‍കിയ സുവർണ്ണ അവസരമാണിതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. സേനകളെ മുന്നിൽ നിറുത്തി പ്രതിപക്ഷത്തിന്‍റെ എതിർപ്പ് നേരിടാൻ കൂടിയാണ് സർക്കാരിന്‍റെ ശ്രമം.
അക്രമത്തിൽ പങ്കാളികളായവർക്ക് സേനകളിൽ ഇടമുണ്ടാകില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ആയുധ ഫാക്ടറികളിലും 10 ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്ക് മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു.
നാളെ ഭാരത് ബന്ദ് എന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ടായതോടെ പൊലീസിനോട് മുൻകരുതൽ സ്വീകരിക്കാൻ ഡിജിപി അനിൽ കാന്ത് നിര്‍ദേശം നൽകി. അക്രമങ്ങളിൽ ഏര്‍പ്പെടുന്നവരെയും കടകള്‍ അടപ്പിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യണം. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നൽകണം. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. ഇന്ന് രാത്രി മുതൽ പ്രധാന സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണം ഏകോപ്പിക്കുമെന്നും ഡിജിപി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.