കോട്ടയം: വര്‍ക്കലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ ക്ഷേത്ര ഉത്സവത്തില്‍ നൃത്തം ചെയ്യുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. കൊല്ലത്ത് ആയുര്‍വേദ ചികിത്സയ്ക്കെത്തിയ ഫ്രഞ്ച് പൗരന്റെ ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് ഇറ്റാലിയന്‍ സ്വദേശിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. ഫെബ്രുവരി 26 ന് എത്തിയ ഇദ്ദേഹം മാര്‍ച്ച് 3ന് തിരികെ പോയി.
‘കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ മാര്‍ച്ച് 8ന് പാരിപ്പള്ളി കൊടിമൂട്ടില്‍ ക്ഷേത്രത്തിലെ ഗജമേള ഉത്സവത്തിലടക്കം പങ്കെടുത്തിരുന്നു. പാരിപ്പള്ളി പരിസരത്തുള്ളവരെല്ലാം ജാഗ്രതൈ…’ എന്ന മുന്നറിയിപ്പോടെ വാട്ട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ നിരവധി പേരാണ് ഇയാളുടെ വീഡിയോ ഷെയര്‍ ചെയ്തത്.
സത്യത്തില്‍ ഇത് ഫ്രഞ്ച് പൗരന്‍ അയ്മര്‍ ലോയിക് ആണ്. ഫ്രാന്‍സില്‍ കോളജ് പ്രഫസറായ ഇദ്ദേഹം ഭാര്യയുമെന്നിച്ചാണ് കേരളത്തിലെത്തിയത്. പിടലിവേദനയ്ക്ക് ചികിത്സ തേടി അഷ്ടമുടി സരോവരം ഹെല്‍ത്ത് സെന്ററിലെത്തിയ അയ്മര്‍ ലോയിക് മാര്‍ച്ച് മൂന്നിന് തിരികെ പോയി.
ഫെബ്രുവരി 29 ന് സരോവരത്തിന് സമീപത്തെ തൃക്കരുവ ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തില്‍ നടന്ന കുംഭഭരണി ഉത്സവത്തില്‍ പങ്കെടുക്കവെയാണ് അയ്മര്‍ പിടലി വേദന മറന്ന് ചുവട് വച്ചത്.