‘പ്രണയപ്പക’ യുവാവിനെ കുടുക്കാൻ യുവതി നടത്തിയത് 21 ബോംബ് ഭീഷണികൾ; വനിതാ എൻജിനീയർ പിടിയിൽ

പ്രണയം നിരസിച്ച യുവാവിനെ കുടുക്കാൻ നടത്തിയത് 21 ബോംബ് ഭീഷണികൾ; ഒടുവിൽ വനിതാ എൻജിനീയർ പിടിയിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം ഉള്‍പ്പടെ ഒട്ടേറെ സ്ഥലങ്ങളില്‍ ഇ-മെയിലിലൂടെ ബോംബ് ഭീഷണി നടത്തിയ യുവതി പിടിയില്‍. ചെന്നൈയിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിചെയ്യുന്ന റെനെ ജോഷില്‍ഡ(30) ആണ് അഹമ്മദാബാദ് സൈബര്‍ ക്രൈം വിഭാഗത്തിന്‍റെ പിടിയിലായത്.

വിവാഹം കഴിക്കാൻ ആഗ്രിച്ച യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചതിലുള്ള പകയാണ് യുവാവിനെ കുടുക്കുന്നതിനായി റെനെയേക്കൊണ്ട് ഈ കടുംകൈ ചെയ്യിച്ചതെന്ന് പോലീസ് പറയുന്നു.

ഏതാനും മാസങ്ങൾക്കിടെ പത്തിലധികം സംസ്ഥാനങ്ങളില്‍ യുവതി നടത്തിയ ബോംബ് ഭീഷണിയില്‍ സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇതുവരെ 11 സംസ്ഥാനങ്ങളില്‍ റെനെ വ്യാജ ഇമെയില്‍ ഐഡി ഉപയോഗിച്ച് ബോംബ് ഭീഷണി നടത്തിയിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ. ഭീഷണിയുടെ ഉറവിടം തേടി പോലീസ് നടത്തിയ അന്വേഷണമാണ് ആരെയും അമ്പരപ്പിക്കുന്ന ‘പ്രണയപ്പക’യുടെ ചുരുളഴിച്ചത്.

ചെന്നൈ സ്വദേശിയായ റെനെ ജോഷില്‍ഡ എന്‍ജിനീയറിങ് പൂർത്തിയാക്കിയ ശേഷം റോബോട്ടിക്‌സിലും വൈദഗ്ധ്യം നേടി. ചെന്നൈയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ സീനിയർ കൺസൾട്ടന്‍റായി ജോലിചെയ്യുന്നതിനിടെ ബെംഗളൂരുവിൽ ഒരു പ്രൊജക്ടിനായി എത്തിയപ്പോഴാണ് ദ്വിജ് പ്രഭാകര്‍ എന്ന യുവാവുമായി പരിചയപ്പെടുന്നത്.

യുവാവിനോട് പ്രണയാഭ്യർഥന നടത്തിയെങ്കിലും ഇയാൾ അനുകൂലമായി പ്രതികരിച്ചില്ല. മാത്രമല്ല, കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിലുള്ള പ്രതികാരമാണ് റെനെയേക്കൊണ്ട് കടുംകൈ ചെയ്യിച്ചത്.

ക്രൈം ത്രില്ലറുകളെ വെല്ലുന്ന രീതിയിലായിരുന്നു റെനെ തന്റെ പദ്ധതികള്‍ക്ക് രൂപംകൊടുത്തത്. ദ്വിജിനെ കുടുക്കുക എന്ന ഉദ്ദേശ്യത്തിൽ അയാളുടെ പേരില്‍ നിരവധി വ്യാജ ഇമെയില്‍ ഐഡികള്‍ നിര്‍മ്മിക്കുകയാണ് ആദ്യം ചെയ്തത്. ഇതുപയോഗിച്ച് റെനെ മാസങ്ങളായി പല സ്ഥലങ്ങളിലേക്ക്‌ വ്യാജ ഭീഷണി സന്ദേശങ്ങള്‍ അയക്കുകയായിരുന്നു.

എന്‍ജിനീയറിങ്ങിലും റോബോട്ടിക്‌സിലുമുള്ള പരിചയം ഇതിന് സഹായകരവുമായി. പിടിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കിയായിരുന്നു റെനെയുടെ പഴുതടച്ചുള്ള നീക്കങ്ങളെന്ന് പോലീസ് പറയുന്നു. ഇത് അന്വേഷണോദ്യോഗസ്ഥരുടെ ജോലി കഠിനമാക്കി.

അഹമ്മദാബാദില്‍ മാത്രം റെനെ 21 സ്ഥലങ്ങളില്‍ ബോംബ് ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്. ഇതില്‍ നരേന്ദ്ര മോദി സ്‌റ്റേഡിയം, ജനീവ ലിബറല്‍ സ്‌കൂള്‍, ആശുപത്രി എന്നിവ ഉള്‍പ്പെടുന്നു. മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, കര്‍ണാടക, കേരളം, ബിഹാര്‍, തെലങ്കാന, പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാണ എന്നിവിടങ്ങളിലും ഭീഷണി സന്ദേശങ്ങൾ അയച്ചു. ആളുകള്‍ കൂടുന്നതും ഉന്നത ഉദ്യോഗസ്ഥര്‍ എത്തുന്നതുമായ സ്ഥലങ്ങളിൽ റെനെ അയച്ച സന്ദേശങ്ങള്‍ കടുത്ത ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു.

ജൂൺ 12-ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ വിമാനം അപകടത്തിൽപ്പെട്ടത് സംബന്ധിച്ചും റെനെ ചില വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. വിമാനം ഇടിച്ചുതകർന്ന ബിജെ മെഡിക്കൽ കോളേജ് അധികൃതർക്കാണ് റെനെ സന്ദേശം അയച്ചത്.

വിമാനാപകടം സംബന്ധിച്ച് താൻ മുൻകൂട്ടി ഭീഷണി സന്ദേശം അയച്ചിരുന്നു എന്ന് അവകാശപ്പെട്ടായിരുന്നു ഇ-മെയിൽ. ‘ഞങ്ങളുടെ ശക്തി ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. ഇന്നലെ മുന്നറിയിപ്പ് തന്നതുപോലെ ഇന്ന് പ്രവര്‍ത്തിച്ചിരിക്കുന്നു. ഇത് സാധാരണ വിമാനാപകടമായി പോലീസ് കാണുമായിരിക്കും. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും ഇത് തമാശയല്ലെന്ന്’-ഇങ്ങനെയായിരുന്നു സന്ദേശം. സന്ദേശത്തില്‍ വിമാനത്തിന്റെ പൈലറ്റിനെ അഭിനന്ദിക്കുന്നുമുണ്ട്. ഈ സന്ദേശമാണ് റെനെയിലേക്ക് എത്താന്‍ പോലീസിനെ സഹായിച്ചത്.

വെര്‍ച്വല്‍ നമ്പറുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ മെയില്‍ ഐഡികള്‍ ഉപയോഗിച്ച് മാത്രമാണ് റെനെ വ്യാജ സന്ദേശങ്ങള്‍ അയച്ചത്. തോര്‍ ബ്രൗസറിന്റെയും ഡാര്‍ക്ക് വെബിന്റെയും സഹായത്തോടെയായിരുന്നു ഇത്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് റെനെ ഒരു കമ്പ്യൂട്ടറില്‍നിന്ന് വ്യാജ മെയില്‍ വിലാസവും ശരിയായ വിലാസവും ഉപയോഗിച്ച് ലോഗിൻ ചെയ്തിരുന്നു. ഇത് റെനെയുടെ ഐ.പി അഡ്രസ് പോലീസിന് ലഭിക്കാന്‍ സഹായിച്ചു. ഈ ഐ.പി അഡ്രസ് ഉപയോഗിച്ചാണ് റെനെയിലേയ്ക്ക് പോലീസ് എത്തിച്ചേർന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News