തിരുവനന്തപുരം: പോലീസിനെയും സമൂഹമാധ്യമ അധികൃതരെയും ചുറ്റിച്ച് യുവതിയുടെ ‘ആത്മഹത്യാശ്രമ നാടകം’. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കരമന മേലാറന്നൂരില്‍ പങ്കാളിക്കൊപ്പം ഒന്നിച്ച് കഴിയുകയാണ് യുവതി. ഇയാള്‍ പിണങ്ങിയപ്പോഴാണ് ഇവര്‍ ‘ആത്മഹത്യാശ്രമ നാടകം’ കളിച്ചത്. തമാശയായാണ് ഈ സംഭവം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതെന്ന് യുവതി കരമന പോലീസിനോടു പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു യുവതിയുടെ ‘നാടകം’. ദൃശ്യങ്ങള്‍ പരിശോധിച്ച ഇന്‍സ്റ്റഗ്രാം മോണിറ്ററിങ് സെല്ലാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വിവരം കൈമാറിയത്. കൊച്ചി സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവസ്ഥലം കരമനയാണെന്നു തിരിച്ചറിഞ്ഞത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ കരമനയില്‍നിന്ന് യുവതിയെ കണ്ടെത്തി.
എന്നാല്‍, യുവതിയെ കണ്ടതോടെ പോലീസ് അമ്പരന്നു. ഇവര്‍ക്ക് യാതൊരു പരിക്കുമുണ്ടായിരുന്നില്ല. മൂന്നുവര്‍ഷത്തോളമായി പരിചയമുള്ള തിരുവനന്തപുരം മാമ്പഴക്കര സ്വദേശിയായ യുവാവുമൊന്നിച്ച് മേലാറന്നൂരിനു സമീപം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു ഇവര്‍.
തിങ്കളാഴ്ച യുവതിയും സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും യുവാവ് ഇറങ്ങിപ്പോകുകയും ചെയ്തു. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ മടങ്ങിവരാത്തതോടെ ഭയപ്പെടുത്താനാണ് ‘ആത്മഹത്യാശ്രമ നാടകം’ നടത്തിയതെന്ന് യുവതി പോലീസിനോടു സമ്മതിച്ചു.രക്തം ഒഴുകുന്നതായി കാണിക്കുന്നതിന് ടൊമാറ്റോ സോസാണ് യുവതി ഉപയോഗിച്ചത്. പോലീസ് എത്തി അല്പസമയം കഴിഞ്ഞ് യുവാവും എത്തി.
യുവതിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടതായി കരമന പോലീസ് പറഞ്ഞു. കേരള പോലീസിന്റെ സമയോചിത ഇടപെടലിന്റെ ഭാഗമായി യുവതിയുടെ ജീവന്‍ രക്ഷിച്ചെന്ന നിലയിലാണ് ഈ സംഭവം ആദ്യം പരന്നത്. സംഭവത്തിന്റെ നിജസ്ഥിതി പിന്നീടാണ് മനസ്സിലായത്.