പ്രസാദമായി മയക്കുമരുന്ന് കലർത്തിയ പാൽ, ഗാന്ധർവവിവാഹം എന്ന പേരിൽ ലൈംഗികചൂഷണം, ; IIT ബിരുദധാരിയായ ‘വ്യാജ ആത്മീയഗുരു’ അറസ്റ്റിൽ

പ്രസാദത്തിൽ മയക്കുമരുന്ന്, ലൈംഗികചൂഷണം, ഗാന്ധർവവിവാഹം; IIT ബിരുദധാരിയായ ‘വ്യാജ ആത്മീയഗുരു’ അറസ്റ്റിൽ

മഥുര: ആത്മീയ ഗുരുവായി ചമഞ്ഞ് യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും, അതിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് അവരുടെ കുടുംബാംഗങ്ങളെയടക്കം ഭീഷണിപ്പെടുത്തുകയും ചെയ്ത ഐഐടി ബിരുദധാരിയായ യുവാവ് മഥുരയിൽ അറസ്റ്റിൽ. 29-കാരനായ അഭിഷേക് മിശ്രയാണ് പിടിയിലായത്. ഛത്തീസ്ഗഡിൽ നിന്നുള്ള 22-കാരിയായ ബിഎസ്സി നഴ്സിങ് വിദ്യാർത്ഥിനി മെയ് 25-ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്. ഒഡീഷ സ്വദേശിയായ അഭിഷേക് മിശ്ര സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിൽ ‘ആദികർത്താ നാരായണ ദാസ്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇയാൾ ഐഐടി റൂർക്കിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ വ്യക്തിയാണ്. മഥുരയിലെ രാധാകുഞ്ച് ഏരിയയിൽ കഴിഞ്ഞ നാല് വർഷമായി ‘കഥാവാചക്’ (മതപരമായ കഥകൾ പറയുന്നയാൾ) എന്ന നിലയിലാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്.

‘രാധാ കൃപാ അമൃത’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ഹിന്ദിയിലും ഇംഗ്ലീഷിലും ഇയാൾ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. ഇതിനോടൊപ്പം ലിങ്ക്ഡ്ഇന്നിലും ഇയാൾ തന്റെ വ്യാജ പേരിൽ പ്രൊഫൈൽ സൂക്ഷിച്ചിരുന്നു. അനുയായികളെ നേടാനും പ്രത്യേകിച്ച് എഞ്ചിനീയറിങ് പശ്ചാത്തലമുള്ള യുവതികളെ ലക്ഷ്യം വെക്കാനുമാണ് ഇയാൾ ഇത്തരം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ഭക്തിപരമായ വീഡിയോകളിലൂടെ യുവതികളുമായി ബന്ധം സ്ഥാപിക്കുകയും, തുടർന്ന് അവരെ കുടുംബവുമായി അകറ്റി തന്റെ കൂടെ താമസിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. മഥുരയിലെ ഇയാളുടെ താമസസ്ഥലത്ത് ഒരേസമയം 24-ഓളം യുവതീ യുവാക്കൾ താമസിച്ചിരുന്നതായും എൻഡിടിവ് റിപ്പോർട്ട് ചെയ്യുന്നു.

പുരാതന ഹൈന്ദവ ആചാരപ്രകാരമുള്ള ‘ഗാന്ധർവ്വ വിവാഹം’ വാഗ്ദാനം ചെയ്താണ് ഇയാൾ യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നത്. ‘പ്രസാദം’ എന്ന് പറഞ്ഞ് മയക്കുമരുന്ന് കലർത്തിയ പാൽ നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഇതുപയോഗിച്ചാണ് ഇയാൾ പിന്നീട് ഇവരെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയിരുന്നത്.

വലിയ കമ്പനികളിൽ ജോലി ചെയ്യുന്ന എഞ്ചിനീയർമാരെയും മറ്റ് പ്രൊഫഷണലുകളെയും ആണ് ഇയാൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. മകന്റെ മോശം സ്വഭാവം കാരണം ഒപ്പമുണ്ടായിരുന്ന സ്വന്തം അമ്മ പോലും പിന്നീട് ഇയാളെ ഉപേക്ഷിച്ചു പോയതായാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. ആദ്യം വാടക വീട്ടിലായിരുന്ന മിശ്ര പിന്നീട് സ്വന്തമായി വീട് നിർമിച്ചു, അവിടെ വെച്ചാണ് ക്രൂരകൃത്യങ്ങൾ ചെയ്തിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News