24.6 C
Kottayam
Sunday, May 19, 2024

രോഗിയ്ക്ക് രക്തത്തിന് പകരം മുസമ്പി ജ്യൂസ് കയറ്റിയ സംഭവത്തിന് പിന്നാലെ വ്യാജ രക്ത പ്ളേറ്റ്‌ലെറ്റുമായി പത്തുപേർ പിടിയിൽ

Must read

ലക്‌നൗ: ഡെങ്കിപ്പനി രോഗികളുടെ കുടുംബാംഗങ്ങൾക്ക് രക്തത്തിലെ പ്ളേറ്റ്‌ലെറ്റ് എന്ന പേരിൽ പ്ളാസ്‌മ വിറ്റ പത്തുപേർ ഉത്തർപ്രദേശിൽ അറസ്റ്റിലായി. രക്തത്തിന്റെ ഘടകങ്ങളായ പ്ളേറ്റ്‌ലെറ്റും പ്ളാസ്‌മയും വിവിധ ചികിത്സകൾക്കായി ആശുപത്രികളിൽ ഉപയോഗിക്കാറുണ്ട്.

ഡെങ്കിപ്പനിയുടെ ചികിത്സയ്ക്ക് പ്ളേറ്റ്‌ലെറ്റുകളാണ് ഉപയോഗിക്കുന്നത്. രക്തത്തിന് പകരം രോഗിയുടെ ശരീരത്തിൽ ജ്യൂസ് കയറ്റിയെന്നും പിന്നാലെ മുപ്പത്തിരണ്ടുകാരൻ മരണപ്പെട്ടുവെന്നും ആരോപണം ഉയർന്നതിന് പിന്നാലെയാണ് യുപിയിലെ പ്രയാഗ്‌രാജിൽ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ആശുപത്രികളിലെ ബ്ളഡ് ബാങ്കുകളിൽ നിന്ന് പ്ളാസ്‌മ വാങ്ങിയതിന് ശേഷം ഇത് പ്ളേറ്റ‌്‌ലെറ്റ് എന്ന പേരിൽ വിൽക്കുകയായിരുന്നവരാണ് പിടിയിലായത്. അതേസമയം, പ്ളേറ്റ്‌ലെറ്റ് എന്ന പേരിൽ ജ്യൂസ് വിൽപ്പന നടത്തുന്നവരെക്കുറിച്ച് ചോദ്യം ചെയ്തെങ്കിലും അത്തരമൊരു പ്രവ‌ൃത്തി നടക്കുന്നില്ലെന്നാണ് അറസ്റ്റിലായവർ പറഞ്ഞതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഇവരിൽ നിന്ന് പ്ളാസ്‌മ പാക്കറ്റുകൾ, പണം, മൊബൈൽ ഫോണുകൾ, വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ അനധികൃതമായി രക്തം വിൽപ്പന നടത്തിയ 12 പേർ അറസ്റ്റിലായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രക്തത്തിൽ ജ്യൂസ് കയറ്റിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ സാമ്പിൾ പരിശോധനയ്ക്കായി ലാബിൽ അയച്ചിട്ടുണ്ടെന്നും അതിനുശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രയാഗ്‌രാജിലെ ഗ്ലോബൽ ഹോസ്‌പിറ്റൽ ആൻഡ് ട്രോമ സെന്ററിനെതിരെയാണ് ആരോപണം ഉയർന്നത്.

ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നിന്ന് നൽകിയ പാക്കുകളിലൊന്നിൽ മുസമ്പി ജ്യൂസിനോട് സാമ്യമുള്ള ദ്രാവകമാണ് നിറച്ചിരുന്നതെന്നും ഇതാണ് രക്തത്തിന് പകരം രോഗിയുടെ ശരീരത്തിൽ കയറ്റിയതെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ രോഗിയുടെ ആരോഗ്യനില വഷളായെന്നും ഉടൻ മറ്റൊരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും മുപ്പത്തിരണ്ടുകാരന്റെ ഭാര്യയുടെ സഹോദരൻ സൗരഭ് ത്രിപാഠി പറഞ്ഞു.

യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് അധികൃതർ ആശുപത്രി പൂട്ടി സീൽ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week